സൗദിയിൽ പോകുന്നയാൾക്ക് അച്ചാറിനുള്ളിൽ മയക്കുമരുന്ന് നൽകി; അയൽവാസി ഉൾപ്പടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsകണ്ണൂർ: സൗദി അറേബ്യയിലേക്ക് പോകുന്ന യുവാവിന്റെ കൈവശം അച്ചാറിനുള്ളിൽ മയക്കുമരുന്ന് കുപ്പി നൽകി. വിദേശത്തെ സുഹൃത്തിന് നൽകാൻ അയൽവാസി നൽകിയ കുപ്പിയിൽ സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് മയക്കുമരുന്നെന്ന് മനസ്സിലായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ഉൾപ്പടെ മൂന്ന് യുവാക്കൾ അറസ്റ്റിലായി.
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. ചക്കരക്കൽ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിലാണ് മയക്കുമരുന്ന് പാക്കറ്റ് ഒളിച്ചിച്ച അച്ചാർ ബോട്ടിലും ചിപ്സു മടങ്ങുന്ന പൊതിയെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കുളംബസാർ പി. ജിസിൻ (28), കെ.കെ. ശ്രീലാൽ (24), കെ.പി. അർഷാദ് (31) എന്നിവരെയാണ് ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ എം.പി. ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.
സൗദിയിലുള്ള മിഥിലാജിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന വഹീമിന് നൽകാൻ എന്നുപറഞ്ഞാണ് അയൽവാസി ജിസിൻ പാർസലുമായി എത്തിയത്. ശ്രീലാൽ തന്നതാണ് പൊതിയെന്നും ജിസിൻ പറഞ്ഞു. വഹീൻ ഇക്കാര്യം സൂചിപ്പിച്ചു മിഥിലാജിന് മൊബൈലിൽ മെസേജും അയച്ചിരുന്നു. അയൽവാസിയായതിനാലും വഹീമിനെ അറിയാവുന്നതിനാലും മിഥിലാജിന് സംശയമൊന്നും തോന്നിയില്ല. ലഗേജിൽ ഉൾപ്പെടുത്താനായി ഇവ മാറ്റിവെക്കുകയും ചെയ്തു.
അച്ചാർകുപ്പിയിലെ ലേബൽ കാണാത്തതിനാലും പൊതിയുടെ കവറിങ്ങിലും എന്തോ പന്തികേട് തോന്നിയ മിഥിലാജിന്റെ ഭാര്യാ പിതാവ് അമീർ സംശയത്തെ തുടർന്നാണ് അവ തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചുവെച്ച കവറുകൾ കണ്ടത്. ഉടൻ ചക്കരക്കല്ല് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അച്ചാർകുപ്പിയിൽ ഒളിപ്പിച്ച കവറിലുള്ളത് 2.6 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹാഷിഷ് ഓയിലുമാണ് എന്ന് മനസ്സിലായത്.
പാർസൽ തന്ന ജിസീന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. തുടർന്ന് രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. മയക്കുമരുന്ന് കൈവശംവെച്ചതിനും വിദേശത്തേക്ക് കടത്തുന്നതും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി മൂവരെയും അറസ്റ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.