ബംഗാളി തൊഴിലാളിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കിൽ തള്ളി
text_fieldsലക്ഷ്മൺ മണ്ഡൽ
മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെ അഴുകിയ മൃതദേഹം സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹപ്രവർത്തകൻ ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ(30) പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തുവരുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്.
സഹപ്രവർത്തകൻ ദീപാങ്കർ ജൂൺ 24ന് രാത്രി ഒമ്പത് മണിയോടെ മുകേഷിനെ കാണാതായതായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ രണ്ടിന് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് (ക്രൈം നമ്പർ 83/2025) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗസ്റ്റ് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം അയാൾ ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ എസ്.ടി.പി (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) ടാങ്കിൽനിന്ന് കണ്ടെത്തിയതോടെ കേസിന് ഭീതിജനകമായ വഴിത്തിരിവായി. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മനഃപൂർവം ഒളിപ്പിച്ചതാണെന്നും പൊലീസ് പറഞ്ഞു.
ചേതൻ എന്ന പ്രദേശവാസിയിൽനിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ സഹപ്രവർത്തകനായ ലക്ഷ്മൺ മണ്ഡൽ എന്ന ലഖാൻ കൊലപാതകത്തിൽ പങ്കുണ്ടെന്ന വിശ്വസനീയമായ വിവരം പൊലീസിന് ലഭിച്ചു. ലക്ഷ്മൺ മുകേഷിനെ കൊലപ്പെടുത്തി മൃതദേഹം എസ്.ടി.പി ടാങ്കിനുള്ളിൽ ഉപേക്ഷിച്ചു. കണ്ടെത്താതിരിക്കാൻ പ്ലൈവുഡ് ഷീറ്റ് ഉപയോഗിച്ച് സീൽ ഭദ്രമായി അടച്ചു. പൊലീസ് കൊലപാതക കേസ് (ക്രൈം നമ്പർ 109/2025) രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിനായി എസ്.ഐ ശശിധർ ഷെട്ടി, എ.എസ്.ഐ രാജേഷ് ആൽവ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിലേക്ക് അയച്ചു.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബദോ ഗ്രാമത്തിൽ താമസിക്കുന്ന ബിനായ് മണ്ഡലിന്റെ മകൻ ലക്ഷ്മൺ മണ്ഡല് എന്ന 30 വയസ്സുള്ള ലഖനെ പൊലീസ് വിജയകരമായി കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മംഗളൂരുവിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജൂൺ 24ന് രാത്രി മുക്ക് റോഹൻ എസ്റ്റേറ്റ് സൈറ്റിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ താനും മുകേഷും മദ്യപിക്കുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു.
ലക്ഷ്മണന്റെ ഭാര്യയുടെ അശ്ലീല വിഡിയോകൾ മുകേഷ് തന്റെ മൊബൈൽ ഫോണിൽ കാണിച്ചുവെന്നും അത് താൻ രഹസ്യമായി റെക്കോഡ് ചെയ്തതാണെന്നും അറിയിച്ചു. ഇതിൽ പ്രകോപിതനായ ലക്ഷ്മൺ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് മുകേഷിന്റെ തലയിൽ മാരകമായി അടിച്ചു.
കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം എസ്റ്റേറ്റിലെ എസ്.ടി.പി ടാങ്കിൽ ഉപേക്ഷിച്ചു. വെള്ളിയാഴ്ച പൊലീസ് ലക്ഷ്മണനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പശ്ചിമ ബംഗാളിലെ രതുവ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഇതിനകം രണ്ടു ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.