യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിച്ച പൊലീസ് ഞെട്ടി; പുറത്തുവന്നത് 21കാരിയുടെ പീഡന പരാതി, 13 പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: സുഹൃത്തിന്റെ കാമുകിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറും യുവതിയെ മുറിയിൽ പൂട്ടിയിട്ടെന്ന ആരോപണത്തിൽ സുഹൃത്തും അറസ്റ്റിൽ.
ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞ യുവതിയുടെ സുഹൃത്തുക്കൾ ആരോപണവിധേയരായ ഇരുവരെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായും പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ മാറത്തഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ആന്ധ്രപ്രദേശ് സ്വദേശികളായ ബുർസു മഹേന്ദ്ര (23), യെറിബോയിന തരുണ്‍ (23) എന്നിവരാണ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത്. ഇരുവരും സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. മാറത്തഹള്ളി പ്രദേശത്തെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം.
ഒക്ടോബർ 28ന് മഹേന്ദ്രയുടെ പിതാവ് നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പുലർച്ചെ 2.50നും ആറിനും ഇടയിൽ മകൻ മഹേന്ദ്രയെയും സുഹൃത്ത് തരുണിനെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മാറത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാങ്കേതിക വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 21കാരിയായ യുവതി ഉൾപ്പെടെ 11 പേരെ പൊലീസ് പിടികൂടി. ചോദ്യംചെയ്യലിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയതായും മർദിച്ചതായും മോചനദ്രവ്യം ആവശ്യപ്പെട്ടതായും പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എന്നാൽ, അന്വേഷണത്തിനിടെ യുവതി നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഒക്ടോബർ 24ന് പുലർച്ചെ 1.30നും നാലിനും ഇടയിൽ മഹേന്ദ്ര തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി.
മഹേന്ദ്രയും തരുണും താമസിച്ചിരുന്ന വീട്ടിൽവെച്ചായിരുന്നു അതിക്രമമെന്നാണ് പരാതി. സംഭവസമയത്ത് തരുണ്‍ തന്നെ മുറിയിൽ പൂട്ടിയിട്ടതായും യുവതി ആരോപിച്ചു.
ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സുഹൃത്തുക്കളെ അറിയിച്ചതിനെത്തുടർന്നാണ് അവർ മഹേന്ദ്രയെയും തരുണിനെയും തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇരുവരെയും മർദിച്ച സംഘം മോചനത്തിനായി പണം ആവശ്യപ്പെടുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടാമതൊരു കേസ് രജിസ്റ്റർ ചെയ്തു. മൊഴി വിശദമായി രേഖപ്പെടുത്തിയശേഷം മഹേന്ദ്രയെയും തരുണിനെയും ചോദ്യംചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തട്ടിക്കൊണ്ടുപോകൽ കേസിൽ ഗലേട്ടി രാജ്കുമാർ (24), മാരിപതി മഞ്ജുനാഥ് (23), ചിങ്കെപ്പള്ളി ലോകനാഥ് (22), ബന്ദപ്പള്ളി സുഹൈൽ (22), ഗംഗറെഡ്ഡിഗാരി നരേന്ദ്ര റെഡ്ഡി (22), ശിവസുബ്രഹ്മണ്യം (24), സലീം പാഷ (30), നയീം പാഷ (31), ഷബാസ് (26), ഗലി രാജേഷ് (20) എന്നിവരാണ് യുവതിക്കൊപ്പം അറസ്റ്റിലായത്. പ്രതികളിൽ ചിലർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റുള്ളവർ വിദ്യാർഥികളുമാണെന്ന് പൊലീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോയ യുവാക്കളെ പൊലീസ് രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇരുവരും ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലാകുകയായിരുന്നു. യുവതിയുടെ പരാതിയിലും തട്ടിക്കൊണ്ടുപോകൽ സംഭവത്തിലും പ്രത്യേകം അന്വേഷണം തുടരുകയാണ്.

