മധ്യപ്രദേശിൽ പ്രതിശ്രുത വരനൊപ്പം യാത്രചെയ്ത ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsഭോപാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ തന്റെ പ്രതിശ്രുത വരനൊപ്പം പുറത്തുപോയ 20 വയസ്സുള്ള ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. നാല് പുരുഷന്മാർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. അവരുടെ പങ്കാളിയെയും പ്രതികൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു.
കൂട്ടബലാത്സംഗത്തിൽ നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് അരവിന്ദ് ശ്രീവാസ്തവ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇരുവരും സെമാരിയ പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. പരാതിയിൽ പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും സെമാരിയയിലെ ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചികിത്സക്കായി അയക്കുകയും ചെയ്തുവെന്ന് എ.എസ്.പി പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പി സർക്കാറിനെ വിമർശിച്ചു. മധ്യപ്രദേശിലെ ക്രമസമാധാനത്തിന്റെ പരിതാപകരമായ അവസ്ഥയെ ഈ കുറ്റകൃത്യം തുറന്നുകാട്ടുന്നുവെന്ന് അവർ ആരോപിച്ചു. സംഭവം മുഴുവൻ മനുഷ്യരാശിയെയും കളങ്കപ്പെടുത്തുന്നുവെന്നും ക്രമസമാധാനത്തിന്റെ 'ഭയാനകമായ അവസ്ഥ' എടുത്തുകാണിക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജിതു പട്വാരി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം മധ്യപ്രദേശിൽ 7,418 ദലിത്, ആദിവാസി സ്ത്രീകൾക്കെതിരായ ബലാത്സംഗ സംഭവങ്ങളും, 338 കൂട്ടബലാത്സംഗങ്ങളും, 558 കൊലപാതകങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ നിഷ്ക്രിയത്വം കാരണം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നും ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്നും പട്വാരി ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.