'വയോധികൻ ബാങ്കിലെത്തിയത് 11.37 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ'; ബാങ്ക് മാനേജരുടെ ഇടപെടൽ 85കാരന് രക്ഷയായി
text_fieldsrepresentational AI image
ഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലെ വൻ സാമ്പത്തിക തട്ടിപ്പിൽനിന്ന് മുതിർന്ന പൗരന് നഷ്ടപ്പെടാനിരുന്നത് 11 ലക്ഷത്തിൽപരം രൂപ. ഇരിങ്ങാലക്കുടയിലെ പറപ്പൂക്കര സി.എസ്.ബി ബാങ്ക് മാനേജർ ആൻ മരിയ ജോസിന്റെ സമയോചിത ഇടപെടൽ മൂലമാണ് മുത്രത്തിക്കര സ്വദേശിയായ 85കാരന് തുക നഷ്ടപ്പെടാതിരുന്നത്.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് തന്റെ അക്കൗണ്ടിലെ 11,37,788.50 രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്നാവശ്യപ്പെട്ട് വയോധികൻ ബാങ്കിലെത്തിയത്. ഫിക്സഡ് ഡെപ്പോസിറ്റ് ഇപ്പോൾ പിൻവലിച്ചാൽ ഏകദേശം 35,000 രൂപ നഷ്ടം വരുമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ പണം എത്രയും പെട്ടെന്ന് അയക്കണമെന്ന് അദ്ദേഹം നിർബന്ധംപിടിക്കുകയായിരുന്നു.
പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് ‘മണി ലോണ്ടറിങ്’ കേസിൽനിന്ന് രക്ഷപ്പെടാനാണ് പണം അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. ഈ വിവരം ബാങ്ക് മാനേജരുമായി പങ്കുവെച്ചാൽ അവർ സുപ്രീംകോടതിയെ അറിയിക്കുമെന്നും അപ്പോൾ സുപ്രീം കോടതിയിൽനിന്ന് അറസ്റ്റ് ഉണ്ടാകുമെന്നും തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചിരുന്നു.
തുടർന്ന് മാനേജർ വിശദമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒരാഴ്ചയായി രണ്ടു ഫോൺ നമ്പറുകളിൽനിന്ന് മാറിമാറി വിഡിയോ കാളുകൾ വന്നിരുന്നതായും അറസ്റ്റിൽനിന്ന് രക്ഷിക്കാനായി ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാനായി അയച്ചുനൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതായും വയോധികൻ വെളിപ്പെടുത്തി. ബാങ്ക് മാനേജർ ഉടൻ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പരാതിക്കാരനുമായി സ്റ്റേഷനിലെത്തുകയും ചെയ്തു. തുടർന്ന് എസ്.എച്ച്.ഒ പി.എസ്. സുജിത്ത് പരാതിക്കാരന്റെ ഫോണിൽനിന്ന് തട്ടിപ്പുകാരെ വിഡിയോ കാളിൽ വിളിച്ചെങ്കിലും അവർ വിഡിയോ ഓൺ ചെയ്യാതെ സംസാരിക്കുകയും ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കാൾ ഒഴിവാക്കുകയുമായിരുന്നു. പിന്നീട് ഈ രണ്ടു നമ്പറുകളും വയോധികനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ദിവസവും രാവിലെ ഒമ്പത്, ഉച്ചക്ക് രണ്ട്, രാത്രി ഒമ്പത് എന്നീ സമയങ്ങളിൽ ഇംഗ്ലീഷിൽ സംസാരിച്ചാണ് തട്ടിപ്പുകാർ വയോധികനെ വിശ്വസിപ്പിച്ചത്. നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തശേഷമാണ് വയോധികനെ തിരിച്ചയച്ചത്. ബാങ്ക് മാനേജരുടെ ജാഗ്രതയാണ് വയോധികന് വലിയ സാമ്പത്തികനഷ്ടം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

