വിർച്വൽ അറസ്റ്റ് വഴി തട്ടിപ്പ്; വിഡിയോ കാളിൽ പ്രത്യക്ഷപ്പെട്ടത് മുഖ്യസൂത്രധാരന്മാർ
text_fieldsകൊടുങ്ങല്ലൂർ: മതിലകം പൊലീസ് പരിധിയിലെ കൂളിമുട്ടം സ്വദേശികളായ വയോധിക ദമ്പതികളെ വിഡിയോ കാൾ വഴി വിർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി 18 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത് മുംബൈ സിം കാർഡ് ഉപയോഗിച്ചുള്ള കെണിയെന്ന് സൂചന. ഭർത്താവ് മുമ്പ് മുംബൈ വഴി യാത്രചെയ്തപ്പോൾ സിം കാർഡ് എടുത്തിരുന്നു. ഈ നമ്പറിലേക്ക് വിഡിയോ കാൾ ചെയ്താണ് മുൻ പ്രവാസിയായ വയോധികന്റെയും ഭാര്യയുടെയും 18 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത്.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരാണ് വിഡിയോ കാളിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. സംഘത്തിലെ കണ്ണികൾ മാത്രമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശ്ശേരിയിൽനിന്ന് അറസ്റ്റിലായ രണ്ടു യുവാക്കൾ. മുംബൈ സഹാർ പൊലീസ് സ്റ്റേഷനിൽ മണി ലോണ്ടറിങ് കേസുണ്ടെന്ന് പൊലീസ് വേഷത്തിൽ വിഡിയോ കാളിലൂടെ വയോധികനെ വിശ്വസിപ്പിക്കുകയായിരുന്നു. ഹിന്ദി വശമുണ്ടായിരുന്ന ദമ്പതികളെ ഭയപ്പെടുത്തി വരുതിയിലാക്കിയ തട്ടിപ്പ് സംഘം ആരെയും അറിയിക്കാനോ പുറത്തുപോകാനോ അനുവദിക്കാതെ നിയന്ത്രിച്ചു.
രണ്ടാം ദിവസം തട്ടിപ്പുസംഘത്തിന് പണമയക്കാൻ ദമ്പതികൾ കാറിൽ പുറപ്പെട്ടപ്പോഴും ബാങ്കിൽ ഇടപാട് നടത്തുമ്പോഴുമെല്ലാം തട്ടിപ്പ് സംഘം വിഡിയോ കാളിലൂടെ ഇരുവരെയും പിന്തുടരുകയായിരുന്നു. അക്കൗണ്ടുകളിലെ പണത്തിന് പുറമെ, കഴുത്തിലുണ്ടായിരുന്ന സ്വർണമാല കണ്ടതോടെ അത് പണയംവെപ്പിച്ച് പണം അയക്കാനും സംഘം നിർദേശിച്ചു.
ഈ പണവും മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. പണം അക്കൗണ്ടിലെത്തിയ ശേഷമാണ് ദമ്പതികളെ വിർച്വൽ അറസ്റ്റിൽനിന്ന് മോചിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.