സ്ത്രീധന പീഡനം; ബംഗളൂരുവിലെ വീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsഐ.ടി ജീവനക്കാരിയായ ശിൽപ്പ
ബംഗളൂരു: ഗർഭിണിയായ യുവതിയെ ബംഗളൂരുവിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സുള്ള ഐ.ടി ജീവനക്കാരിയായ ശിൽപയെ ഇന്നലെയാണ് താമസിക്കുന്ന വീട്ടിൽ നിന്നും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ നിരന്തരമായ സ്ത്രീധന പീഡനമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ സ്ത്രീധന പീഡന കുറ്റം ചുമത്തി ഭർത്താവ് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.ടി കമ്പനിയായ ഇൻഫോസിസിൽ മുമ്പ് ജോലി ചെയ്തിരുന്ന ശിൽപ, പ്രവീണിനെ വിവാഹം കഴിച്ചിട്ട് ഏകദേശം രണ്ടര വർഷമായി. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും ശിൽപ വീണ്ടും ഗർഭിണിയാണെന്നും കുടുംബം പറഞ്ഞു.
വിവാഹത്തിന് മുമ്പ് പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും 20 പവൻ സ്വർണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും ആവശ്യപ്പെട്ടതായി ശിൽപയുടെ മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റിയിട്ടും, വിവാഹശേഷം കൂടുതൽ പണത്തിനു വേണ്ടി ശിൽപയെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും കുടുംബം ആരോപിച്ചു.
'മൂന്ന് വർഷം മുമ്പ് ഞങ്ങൾ അവളുടെ വിവാഹം ഗംഭീരമായി നടത്തി. ഞങ്ങളുടെ വീട് വിറ്റ് 40 ലക്ഷം രൂപ ചെലവഴിച്ചാണ് വിവാഹം നടത്തിയത്. വിവാഹസമയത്ത് 15 ലക്ഷം രൂപയും 20 പവൻ സ്വർണ്ണാഭരണങ്ങളും മറ്റ് വീട്ടുപകരണങ്ങളും ഞങ്ങൾ അവൾക്ക് നൽകിയെന്ന്' ശിൽപയുടെ ബന്ധു ചെന്നബസയ്യ പറഞ്ഞു.
അറസ്റ്റിലായ ഭർത്താവ് പ്രവീണിനെ കൂടാതെ അമ്മ ശാന്തവ്വയുടെ പേരിലും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 80 (2) (സ്ത്രീധന മരണം) സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3 (സ്ത്രീധനം കൊടുക്കുന്നതിനോ, വാങ്ങുന്നതിനോ ഉള്ള ശിക്ഷ), സെക്ഷൻ 4 (സ്ത്രീധനം ആവിശ്യപ്പെടുന്നതിനുള്ള ശിക്ഷ) എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ 26കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ ശേഷം റിപ്പോർട്ട് ചെയ്യുന്ന ആത്മഹത്യയാണ് ശിൽപയുടേത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.