മയക്കുമരുന്ന് വേട്ട; പ്രധാനി പിടിയിൽ
text_fieldsഷബീർ
ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും വൻ തോതിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ പ്രധാനി എം.ഡി.എം.എ സഹിതം വീണ്ടും പിടിയിൽ. ശ്രീകണ്ഠപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പുമുറിയില്‍ ഷബീറിനെ (43)യാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ടി.എന്‍. സന്തോഷ്കുമാർ അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് സംഘം വീട് വളഞ്ഞാണ് ഷബീറിനെ പിടികൂടിയത്. വീടിന്റെ സോഫയില്‍ ഒളിപ്പിച്ചുവെച്ച 30 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ നവംബര്‍ 28ന് ഷബീറിനെ ശ്രീകണ്ഠപുരം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. വീടിന്റെ ഗേറ്റ് തുറക്കാത്തതിനെത്തുടര്‍ന്ന് മതില് ചാടിക്കടന്നെത്തിയ പൊലീസ് ഷബീറിനെ പിടികൂടിയതോടെ പൊലീസുകാരെ തള്ളിമാറ്റി കൂറ്റന്‍ മതില് ചാടി രക്ഷപ്പെട്ട ഇയാളെ ഏറെ സമയത്തെ തിരച്ചിലിനുശേഷം വീടിനടുത്ത കുറ്റിക്കാട്ടില്‍നിന്നാണ് അന്ന് പിടികൂടിയത്.
റിമോര്‍ട്ട് കണ്ട്രോള് സംവിധാനം ഉപയോഗിച്ച് ഗേറ്റ് തുറക്കുന്ന ആധുനിക സംവിധാനമുള്ള വീട്ടില്‍ കാവലിന് നായ്ക്കളും വീടിന് ചുറ്റും സി.സി.ടി.വി കാമറകളും സ്ഥാപിച്ചിരുന്നു. ഇയാളുടെ കീഴില്‍ നിരവധി പേര് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഷബീറിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച മാതാവിനെ എതിരെയും അന്ന് കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം എറണാകുളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിവരുകയായിരുന്നു.
കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയ മയക്കുമരുന്ന് കേസ് പ്രതി സജു തോമസില്‍നിന്നാണ് എറണാകുളം കേന്ദ്രീകരിച്ച് ഇയാള്‍ ഇടപാട് നടത്തുന്നവിവരം പൊലീസിന് ലഭിച്ചത്. ഷബീറിന്റെ അക്കൗണ്ടില്‍ സജു പണം അയക്കുന്നതും തെളിഞ്ഞിരുന്നു.
ഫോണുകള്‍ മാറിമാറി ഉപയോഗിക്കുന്നതിനാല്‍ ഇയാളുടെ ലൊക്കേഷന്‍ സംബന്ധിച്ച കൃത്യവിവരം ലഭിക്കാറില്ല. ഷബീര്‍ ശ്രീകണ്ഠപുരത്തെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് വീട് വളഞ്ഞ് പിടികൂടിയത്. സജു തോമസുമായാണ് പൊലീസ് ഷബീറിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.