തിരുവനന്തപുരത്ത് കാണാതായ വയോധികയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് തമിഴ്നാട്ടിൽ, പ്രതി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതി
തിരുവനന്തപുരം: നെയ്യാർഡാമിൽനിന്ന് കാണാതായ വയോധികയെ തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ കണ്ടെത്തി. സംഭവത്തിൽ തിരുനെൽവേലി സ്വദേശി വിപിൻ രാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറ്റിച്ചൽ സ്വദേശിയായ ത്രേസ്യയെ കാണാതായത് ജൂലൈ ഒന്നിനാണ്. പിന്നാലെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാധാരണയായി പള്ളിയിൽ സന്ദർശനം നടത്താറുള്ള ത്രേസ്യയെ അവസാനമായി വർക്കല ഭാഗത്ത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. പിന്നീട് തിരുനെൽവേലിയിൽ മൃതദേഹം കണ്ടെത്തിയെന്ന് തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമാണെന്നായിരുന്നു നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായി. വിപിൻ രാജിനെ തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുനെൽവേലിയിൽവെച്ച് സഹായം വാഗ്ദാനം ചെയ്ത് ഇയാൾ ത്രേസ്യക്കൊപ്പം കൂടിയെന്നാണ് പറയുന്നത്. ബസ് സ്റ്റാൻഡിൽ ഇറക്കാമെന്നു പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നെയ്യാർഡാം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയിൽ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കും. നിലവിൽ തമിഴ്നാട് പൊലീസാണ് കേസന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.