'പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കും, പാര്‍ട്ടി ഇടപെട്ടാല്‍ താങ്ങില്ല'; മന്ത്രി രാജീവിന്റെ ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് വ്യാജ ഫോൺ കാൾ; യുവാവ് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സനൂപ്
കോട്ടക്കൽ: മന്ത്രിയുടെ ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് കോട്ടക്കലിൽ പിടിയിൽ. പുത്തൂർ അരിച്ചോൾ തട്ടാരത്തൊടി സനൂപിനെയാണ് (28) പൊലീസ് ഇൻസ്പെക്ടർ ദീപകുമാർ, എസ്.ഐ റിഷാദലി നെച്ചിക്കാടൻ എന്നിവർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് വൈകീട്ട് ആറിനാണ് സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനെ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
സ്വന്തം മൊബൈല്‍ നമ്പറില്‍നിന്നും സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി മന്ത്രി പി. രാജീവിന്റെ ഓഫിസില്‍നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു സംസാരിച്ചത്. പുത്തൂർ അരിച്ചോളിലുള്ള സനൂപിന്റെ വീട്ടില്‍ പോയ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും വിവരങ്ങള്‍ ഇപ്പോള്‍ നല്‍കണമെന്നുമായിരുന്നു ഭീഷണി.
ഇല്ലെങ്കില്‍ ജോലി കളയുമെന്നും ഭരിക്കുന്ന പാര്‍ട്ടിയാണെന്നും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടി ഇടപെട്ടാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും പറഞ്ഞു. ഇതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ആള്‍മാറാട്ടം നടത്തി അജ്ഞാത സന്ദേശത്തിലൂടെ പരാതിക്കാരനെ കുറ്റകരമായി ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ അറിയിക്കുമെന്നും തെറ്റായ മുന്നറിയിപ്പ് നല്‍കി ബോധപൂർവം തെറ്റിദ്ധരിപ്പിച്ചെന്നാണ് കേസ്.
ബംഗളൂരുവിലെ യു.സിറ്റി കോളജിൽ സീറ്റ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞ് 15,000 രൂപ ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതിയുടെ വീട്ടിൽ പൊലീസ് അന്വേഷണത്തിനെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിനു പിറകെയാണ് സ്‌റ്റേഷനിലേക്ക് ഫോൺ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

