യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
text_fieldsശാസ്താംകോട്ട: ശൂരനാട് വടക്ക് സ്വദേശിനിയായ യുവതി ആലപ്പുഴയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ പരാതിയുമായി യുവതിയുടെ കുടുംബം. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പുതുപ്പറമ്പിൽ പടിഞ്ഞാറ്റ കിഴക്കതിൽ പ്രകാശിന്‍റെയും രമയുടെയും മകൾ രേഷ്മയെ (29) വെള്ളിയാഴ്ചയാണ് പുന്നപ്ര അറവുകാടുള്ള ഭർതൃഗൃഹത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരുമാണ് രേഷ്മയുടെ മരണത്തിന് കാരണക്കാരെന്നാണ് ആരോപണം. യുവതി എഴുതിവെച്ച കുറിപ്പും ഫോണ്‍ സംഭാഷണവും ഉൾപ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് കുടുംബത്തിന്‍റെ പരാതി.
2018 ഏപ്രില്‍ 15നാണ് പുന്നപ്ര സ്വദേശിയുമായി രേഷ്മയുടെ വിവാഹം നടന്നത്. വിവാഹത്തിന്‍റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിലും പിന്നീട് ഒരോ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് രേഷ്മയുമായി വഴക്കിടാറുണ്ടെന്ന് കുടുംബം പറയുന്നു. ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും മാനസിക പീഡനവും ഭർത്താവിന്‍റെ വഴിവിട്ട ബന്ധങ്ങളിലും മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് പ്രകാശ് പറയുന്നു.
രേഷ്മ മരിച്ചത് ഭർത്താവോ വീട്ടുകാരോ അറിയിച്ചില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദ്ദേഹം ശൂരനാട്ടെ വസതിയിൽ എത്തിച്ചാണ് സംസ്കാരം നടത്തിയത്. അന്ത്യകർമങ്ങള്‍ക്ക് ഭർത്താവും കുടുംബവും എത്താത്തതും സംശയം വർധിപ്പിക്കുന്നതായും പിതാവ് പറയുന്നു. അന്ത്യകർമങ്ങൾ ചെയ്യാൻ രേഷ്മയുടെ ആറുവയസ്സുള്ള മകനെ ഭർതൃവീട്ടുകാർ ആദ്യം വിടാനും തയാറായില്ല. പിന്നീട് പൊലീസുമായി നടന്ന ചർച്ചയിൽ കുട്ടിയെ കർമങ്ങൾ നടത്താനായി എത്തിച്ചെങ്കിലും രാത്രിയിൽ തന്നെ തിരികെ കൊണ്ട് പോയതായും പരാതിയുണ്ട്.
നേരിട്ട പീഡനങ്ങളും അവഗണനയും രേഷ്മ സഹോദരിയുടെ ബുക്കില്‍ എഴുതിവെച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തണമെന്നും വീട്ടിൽ നിന്നും ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് പലതവണ ചേച്ചിയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും സഹോദരി രശ്മി പറയുന്നു. പുന്നപ്ര പൊലീസ് ആത്മഹത്യ കേസാണ് രജിസ്റ്റർ ചെയ്‌തത്.
കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണകുറ്റവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. ഇത് സംബസിച്ച് ഇവർ ഉന്നത പൊലീസ് അധികൃതർക്ക് പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

