യുവാവ് കിണറ്റിൽ മരിച്ച കേസിൽ പിതാവിന് 10 വർഷം കഠിന തടവ്
text_fieldsബേബി
നെയ്യാറ്റിൻകര: കല്ലേറിൽനിന്ന് രക്ഷപ്പെടാൻ ഓടവെ, യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ പിതാവിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കല്ലിയൂർ മുട്ടയ്ക്കാട് വണ്ടിത്തടം പൊറ്റവിള വീട്ടിൽ ബേബിയെയാണ് (63) കുറ്റകരമായ നരഹത്യകുറ്റത്തിന് നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്. ബേബിയുടെ മകൻ സന്തോഷാണ് (30) കൊല്ലപ്പെട്ടത്.
2014 മാർച്ച് 27ന് പുലർച്ച രണ്ടിനായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ബേബി ഭാര്യയെ സ്ഥിരം മർദിക്കുമായിരുന്നു. 26ന് രാത്രിയും ബേബി ഭാര്യയെ ദേഹോപദ്രവം ചെയ്തു. പുലർച്ച വരെ കലഹം തുടർന്നപ്പോൾ ഉറങ്ങിക്കിടന്ന സന്തോഷ് ഉണർന്ന് പിതാവിനെ തടഞ്ഞു.
തുടർന്ന്, പ്രതി മകന്റെ നേർക്ക് കല്ലെറിഞ്ഞു. കല്ലേറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, സമീപത്തെ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ സന്തോഷ് വീഴുകയായിരുന്നു. ബേബി മകനെ ആക്രമിക്കുന്നതും ഓടിക്കുന്നതും നാട്ടുകാർ കണ്ടിരുന്നു. മകൻ കിണറ്റിൽ വീണ വിവരം പ്രതി മറ്റുള്ളവരിൽനിന്ന് മറച്ചുവെച്ചു. പിറ്റേന്ന് വൈകി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പൊട്ടക്കിണറ്റിൽ സന്തോഷിന്റെ മൃതദേഹം കണ്ടത്.
സന്തോഷിന്റെ അമ്മക്കും ഭാര്യ മഞ്ജുവിനും വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ അധികാരികൾക്ക് നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.