‘കുടവയറനി’ൽ കയറി വയർനിറയെ കഴിച്ചു, പണം അയക്കുന്നത് പോലെ കാണിച്ച് പറ്റിച്ചു; വ്യാജ യു.പി.ഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ
text_fieldsകളമശ്ശേരി: ഹോട്ടലിൽ കയറി വയറുനിറയെ ഭക്ഷണം കഴിച്ച് യു.പി.ഐ ആപ്പ് ഉപയോഗിച്ച് പണം നൽകുന്നത് പോലെ കാണിച്ച് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. സൗത്ത് കളമശ്ശേരി കോടതിയുടെ എതിർവശത്തുള്ള ‘കുടവയറൻ ആൻഡ് കമ്പനി’ എന്ന ഹോട്ടലിലാണ് വ്യാജ ആപ്പ് ഉപയോഗിച്ച് അഞ്ചംഗസംഘം തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ യുവാന, റൂബിൻ രാജ്, മുഹമ്മദ് അനസ്, അജ്സൽ അമീൻ, നിഷാദ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് പ്രതികൾ. കളമശ്ശേരി, ഇടപ്പള്ളി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ ആപ്പ് വഴി പണം നൽകി, അതിന്റെ റസിപ്റ്റും പണം സ്വീകരിച്ചതിന്റെ ശബ്ദവും കേൾപ്പിച്ചാണ് കടയുടമകളെ പറ്റിക്കുന്നത്.
കഴിഞ്ഞ ദിവസം സൗത്ത് കളമശ്ശേരിയിലെ ഹോട്ടൽ ഉടമയാണ് ഇവർക്കെതിരെ പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത്. വ്യാപാരി സംഘടനകൾ വഴി അന്വേഷിച്ചപ്പോഴാണ് കൂടുതൽ കടക്കാർ ഇത്തരത്തിൽ തട്ടിപ്പിന് ഇടകളായതായി പൊലീസിന് മനസ്സിലാകുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഉച്ച ഭക്ഷണം കഴിക്കാനാണ് പ്രതികൾ എത്തിയതെന്ന് കടയുടമ പറഞ്ഞു. ‘നല്ല തിരക്കുള്ള സമയത്താണ് അവർ വന്നത്. ഏകദേശം 950 രൂപയുടെ ഭക്ഷണം കഴിച്ചു. തുക പെയ്മെന്റ് ചെയ്തു എന്ന് പറഞ്ഞ് അവര് നമുക്ക് സ്ക്രീൻഷോട്ട് കാണിച്ചു തന്നു. അടുത്തുള്ള കുട്ടിയുടെ ഫോണിൽ നിന്ന് പെയ്മെന്റ് റെസീവ് ചെയ്തതിന്റെ ശബ്ദം നമുക്ക് കേൾക്കാൻ സാധിക്കുകയും ചെയ്തു. സ്വാഭാവികമായിട്ടും ഭക്ഷണം കഴിച്ച് തുക കിട്ടി എന്നറിഞ്ഞതോടെ മാനേജർ അവരെ പറഞ്ഞുവിടുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് പെയ്മെന്റ് ലിസ്റ്റ് നോക്കിയപ്പോൾ ഈ തുക കാണാതെ വന്നു. ഇതോടെയാണ് കബളിപ്പിച്ചതായി മനസ്സിലയത്. വിവിധ കടയുടമകളുമായി അന്വേഷിച്ചപ്പോൾ പല സ്ഥാപനങ്ങളിലും ഇങ്ങനെ പറ്റിച്ചതായി മനസ്സിലായി. അതിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി സ്റ്റേഷനിൽ കേസ് കൊടുക്കുകയായിരുന്നു’ -ഹോട്ടലുടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

