15കാരിയുമായി സൗഹൃദം സ്ഥാപിച്ച് 24 പവൻ തട്ടിയെടുത്തു; നാലംഗ സംഘം അറസ്റ്റിൽ
text_fieldsജാസിൽ അനാൻ, അൽ അമീൻ, മുഹമ്മദ് വസീം, നബീർ
കോട്ടക്കൽ: സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത 19കാരനും സഹോദരനുമടക്കം നാലംഗ സംഘം കോട്ടക്കലിൽ പിടിയിൽ. ചാപ്പനങ്ങാടി വട്ടപറമ്പ് സ്വദേശികളായ ചേക്കത്ത് നബീർ (19), സഹോദരൻ അൽ അമീൻ (20), ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), ചെറുകുന്ന് പടിക്കൽ ജാസിൽ അനാൻ (21) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ സഹോദരഭാര്യയുടെ ആഭരണങ്ങൾ കാണാതായെന്ന പരാതിയിലായിരുന്നു അന്വേഷണം. പ്രതി നബീർ ഭീഷണിപ്പെടുത്തി പല തവണയായാണ് ആഭരണങ്ങൾ കൈവശപ്പെടുത്തിയത്.
വാഹനകച്ചവടക്കാരനായ രണ്ടാംപ്രതി മുഹമ്മദ് വസീമിൽനിന്നാണ് സ്വർണം വിറ്റ പണമുപയോഗിച്ച് മുഖ്യപ്രതി നബീർ കാർ വാങ്ങിയത്.
വസീമാണ് ഒതുക്കുങ്ങലിലെ സ്വർണക്കടയിലെ ജീവനക്കാരനായ ജാസിൽ അനാനെ നബീറിന് പരിചയപ്പെടുത്തിയത്. സ്വർണം വിറ്റതിൽ ഒമ്പതു ലക്ഷം രൂപ മാത്രമാണ് ജാസിൽ അനാൻ പ്രതികൾക്ക് കൈമാറിയത്. ഇതിൽ നാലു ലക്ഷം രൂപ മൂന്നാം പ്രതിയും സഹോദരനുമായ അൽ അമീന് നബീർ കൈമാറി. ഈ പണം ആഡംബര ബൈക്ക് വാങ്ങിയും യാത്ര നടത്തിയും തീർത്തെന്നാണ് മൊഴി. എസ്.ഐ സൈഫുല്ല, പ്രബേഷനൽ എസ്.ഐ നിജിൽ രാജ്, ഉദ്യോഗസ്ഥരായ വിശ്വനാഥൻ, ബിജു, ജിനേഷ്, രാജേഷ്, വിഷ്ണു, നൗഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.