പയ്യോളിയിൽ കാർയാത്രക്കാരെ റാഞ്ചി വഴിയിലുപേക്ഷിച്ച സംഭവം: നാലു പ്രതികൾകൂടി പിടിയിൽ
text_fieldsപയ്യോളി: ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം കാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച് പുറത്തിട്ട ശേഷം കാർയാത്രക്കാരെ റാഞ്ചിയ സംഭവത്തിൽ നാലുപേർകൂടി പിടിയിലായി.
വയനാട് സ്വദേശികളായ ചക്കാലക്കൽ സുജിത്ത് (28), പതിപ്ലാക്കൽ ജോബീഷ് ജോസഫ് (23), എറണാകുളം പള്ളിയാന ശ്രീജിത്ത് വിജയൻ (25), കണ്ണൂർ ആറളം കാപ്പാടൻ വീട്ടിൽ സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പിടിയിലായ പ്രതികൾ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് പയ്യോളി സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞത്. കർണാടകയിൽനിന്നും കൊണ്ടുവരുകയായിരുന്ന 1.40 കോടി രൂപ തട്ടിയെടുത്ത കേസിൽ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഇവർ പിടിയിലാവുന്നത്.
തുടർന്ന് ഒക്ടോബർ 22ന് അറസ്റ്റ് ചെയ്ത് കോടതി മാനന്തവാടി സബ് ജയിലിൽ റിമാൻഡ് ചെയ്ത ശേഷം പയ്യോളിയിലെ കേസുമായി ബന്ധപ്പെട്ട് പ്രതികളെ പയ്യോളി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇവർ പ്രമാദമായ നിരവധി കേസുകളിൽ പ്രതികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ വയനാട് പുൽപള്ളി പെരിക്കല്ലൂർ ചക്കാലക്കൽ ഷിബിൻ (26), പുൽപള്ളി സ്വദേശിയായ ശ്യാംനിർമൽ സി. ജോയ് (20) എന്നിവരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.