കൂടത്തായി കൂട്ടക്കൊലക്കേസ്; അറസ്റ്റിനു മുമ്പ് ജോളി കുറ്റസമ്മതം നടത്തിയെന്ന് മൊഴി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാംപ്രതി ജോളി ജോസഫ്, അറസ്റ്റിനു മുമ്പേ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് മൊഴി. ജോളിയുടെ സഹോദരൻ ജോർജ് എന്ന ജോസാണ് മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.
2019 ഒക്ടോബർ മൂന്നിന് ജോളി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിൽ ചെന്നപ്പോഴാണ് കൊലപാതകങ്ങൾക്ക് പിന്നിൽ ജോളിയാണെന്ന് അറിഞ്ഞത്. തുടർന്ന് ഇവരുടെ കൂടെ വക്കീലിനെ കാണാനും മറ്റും പോയിരുന്നു. അറിയാവുന്ന സത്യങ്ങൾ മജിസ്ട്രേറ്റ് മുമ്പാകെയും പൊലീസ് മുമ്പാകെയും പറഞ്ഞുവെന്നും 57ാം സാക്ഷിയായ ജോർജ് മൊഴി നൽകി.
പൊലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ആവശ്യപ്രകാരമാണ് മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയതെന്ന പ്രതിഭാഗത്തിന്റെ വാദം ജോർജ് നിഷേധിച്ചു. ജോളിയുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിലല്ലേ ഇത്തരത്തിൽ മൊഴി കൊടുക്കുന്നത് എന്ന പ്രതിഭാഗം ചോദ്യത്തിന് ജോളിയുമായി സ്വത്ത് സംബന്ധിച്ച് തർക്കമില്ലെന്ന് സാക്ഷി മൊഴി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീ. സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവർ ഹാജരായി. മറ്റു സാക്ഷികളുടെ വിസ്താരം 20ന് തുടരും. കൂടത്തായി കൊലപാതക കേസിൽ കുറ്റകൃത്യം നടന്ന സ്ഥലം പുതിയ അഭിഭാഷകനൊപ്പം സന്ദർശിക്കണമെന്ന പ്രതി ജോളി ജോസഫിന്റെ ഹരജി കഴിഞ്ഞദിവസം ഹൈകോടതി തള്ളിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.