വ്യാജ പ്രമാണം നിർമിച്ച് കെ.എസ്.എഫ്.ഇ വായ്പ തട്ടിപ്പ്; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
text_fieldsവൈത്തിരി: ഉദ്യോഗസ്ഥരുടെ ഒത്താശയിൽ വ്യാജ പട്ടയമുണ്ടാക്കി ആധാരം നിർമിച്ച് സ്ഥലം കൈവശപ്പെടുത്തിയ കേസിൽ കലക്ടറുടെ ഇടപെടൽ. കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.എമ്മിനും ഡെപ്യൂട്ടി കലക്ടർക്കും കലക്ടർ നിർദേശം നൽകി. മാധ്യമം വാർത്തയെ തുടർന്നാണ് നടപടി.
വ്യാജ പ്രമാണങ്ങൾ ഉണ്ടാക്കി രജിസ്റ്റർ ചെയ്ത ആധാരവും പട്ടയവും ഉപയോഗിച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് ലക്ഷക്കണക്കിന് രൂപ ലോൺ തരപ്പെടുത്തിയ പ്രതിക്കെതിരെ കെ.എസ്.എഫ്.ഇ വീടും സ്ഥലവും ജപ്തി ചെയ്യാൻ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലക്കിടി അറമല സ്വദേശിയായ കുപ്പേരി തൊടി അബൂബക്കറിനെ പ്രതി ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇദ്ദേഹം മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.
അറമല സ്വദേശി ഡേവിഡ് അടക്കമുള്ളവരുടെ നികുതിയടക്കാതെ കിടന്നിരുന്ന സ്ഥലമാണ് കുന്നത്തിടവക വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജമായി ആധാരമുണ്ടാക്കി പോക്കുവരവ് സർട്ടിഫിക്കറ്റും തുടർന്ന് പട്ടയവും നിർമിച്ചത്. ഏറെക്കാലം നികുതിയടക്കാതെ കിടന്നിരുന്ന ഭൂമിയാണ് സ്വന്തം പേരിലാക്കിയത്. വിവരാവകാശ നിയമപ്രകാരം രേഖകൾ കണ്ടെത്തിയ യഥാർഥ ഉടമകൾ സ്ഥലം അവരുടെ പേരിലാക്കുകയും നികുതി അടക്കുകയും ചെയ്തു.
കെ.എസ്.എഫ്.ഇ അധികൃതർ പുതിയ നികുതി ശീട്ട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. തുടർന്ന് വൈത്തിരി കെ.എസ്.എഫ്.ഇ അധികൃതർ പരാതി നൽകുകയും വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിന്റെ വ്യാപ്തി മനസ്സിലാക്കി കൽപറ്റ ഡിവൈ.എസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. അന്നത്തെ വില്ലോജ് ഓഫിസർ, ഉദ്യോഗസ്ഥർ എന്നിവരടക്കം മൂന്നുപേർക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തീകരിച്ചു കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഇതിനിടെ വൈത്തിരി താലൂക്ക് ഓഫിസിൽനിന്ന് വ്യാജ രേഖകളെ കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ അപ്പലറ്റ് അതോറിറ്റി അബൂബക്കറിന്റെ പേരിലുള്ള പട്ടയം റദ്ദാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.