കൊലക്കേസ് പ്രതിയായ മലയാളി 26 വർഷത്തിനുശേഷം പിടിയിൽ
text_fieldsതൃശൂർ സ്വദേശി ടോമി
മംഗളൂരു: കോടതിയിൽ ഹാജരാവാതെ 26 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളിയായ കൊലക്കേസ് പ്രതിയെ സുബ്രഹ്മണ്യ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി ടോമി എന്ന തോമസാണ് (57) അറസ്റ്റിലായത്.
2000 സെപ്റ്റംബർ 10ന് ദക്ഷിണ കന്നട ജില്ലയിൽ സുബ്രഹ്മണ്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുട്ടിഗരുവിലാണ് കൊലപാതകം നടന്നത്. ജോലി സംബന്ധമായ കാര്യങ്ങളെച്ചൊല്ലി മൂന്ന് കേരള സ്വദേശികളായ ജോയ്, ഷെൽട്ടൺ, ടോമി എന്നിവർ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ജോയിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്തതു മുതൽ ടോമി ഒളിവിലായിരുന്നു, 26 വർഷമായി കോടതിയിൽ ഹാജരാകാൻ അദ്ദേഹം തയാറായിരുന്നില്ല.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അന്വേഷണം നടത്തിയ പൊലീസ് ടോമിയെ വലയിലാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മംഗളൂരു ജില്ലാ ജയിലിലേക്ക് മാറ്റി.

