കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കരാവൽ നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രദീപ് കശ്യപ് (29) എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള ദീർഘകാലമായുള്ള തർക്കങ്ങളായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജയശ്രീയെയും മക്കളെയും കാണാത്തതിനാൽ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 28 വയസ്സുള്ള യുവതി, ഏഴും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളെയുമാണ് യുവാവ് കൊലപ്പെടുത്തിയത്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 103(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നീണ്ട മൂന്നു മണിക്കൂർ പിന്നിട്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കൊലപാതകങ്ങൾ സമ്മതിച്ച യുവാവ് ഭാര്യയുമായി നിരന്തരം തർക്കങ്ങൾ നടന്നിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്ന് വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ദമ്പതികൾ തമ്മിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നതായി പ്രദേശവാസികളും പൊലീസിനെ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.