മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ശശികുമാർ, ആദിത്യ റാവു
മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ തമിഴ്‌നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെല്ലൂർ ജില്ലയിലെ ശശികുമാറാണ് (38) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ആഗസ്റ്റ് 29ന് രാത്രി വിമാനത്താവളത്തിലെ ഡ്യൂട്ടി ടെർമിനൽ മാനജർക്ക് "ടെർമിനൽ കെട്ടിടം ഒഴിപ്പിക്കണം, അല്ലെങ്കിൽ പൊട്ടിത്തെറിക്കും" എന്ന് കോൾ ലഭിച്ചു. ചോദ്യം ചെയ്യലിൽ, സമൂഹ മാധ്യമങ്ങളിൽ വിമാനത്താവള കോൺടാക്റ്റ് നമ്പറുകൾ തിരഞ്ഞതായും രാജ്യത്തുടനീളമുള്ള നിരവധി വിമാനത്താവളങ്ങളിലേക്ക് സമാനമായ ഭീഷണി കോളുകൾ വിളിച്ചതായും ശശികുമാർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(2), 351(3) എന്നിവ പ്രകാരവും 1982 ലെ സിവിൽ ഏവിയേഷൻ സുരക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്ക് മറ്റു ബന്ധങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
2022 ജനുവരി 20ന് മംഗളൂരു വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം സ്ഫോടകവസ്തു സ്ഥാപിച്ച കേസിൽ മെക്കാനിക്കൽ എഞ്ചിനീയറായ ആദിത്യ റാവുവിന് മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്)ജഡ്ജി പല്ലവി ബി.ആർ. റാവു 20 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. അമോണിയം നൈട്രേറ്റ്, സൾഫർ, പൊട്ടാസ്യം ക്ലോറേറ്റ്, കരി എന്നിവ കൊണ്ട് നിർമ്മിച്ച സ്ഫോടകവസ്തു ബാഗിൽ പൊതിഞ്ഞ് ഡിപ്പാർച്ചർ ഗേറ്റിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം വെക്കുകയായിരുന്നു. റാവു പിന്നീട് ബംഗളൂരുവിൽ കർണാടക പൊലീസ് ആസ്ഥാനത്ത് കീഴടങ്ങി. ഓൺലൈൻ വിഡിയോ ആശ്രയിച്ചാണ് സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു.
2018ൽ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് സന്ദേശം അയച്ചതിന് ബംഗളൂരു പൊലീസ് റാവുവിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് നിരവധി വിമാനങ്ങളുടെ ഷെഡ്യൂളുകൾ തടസ്സപ്പെട്ടിരുന്നു. കെ.ഐ.എയിൽ സുരക്ഷാ ജീവനക്കാരന്റെ ജോലി നിഷേധിക്കപ്പെട്ടതിനാലാണ് റാവു ഈ പ്രവൃത്തി ചെയ്തത്. ബംഗളൂരുവിലെ ഒരു റെയിൽവേ സ്റ്റേഷനിലേക്ക് വ്യാജ ഫോൺ സന്ദേശം നൽകിയതിനും റാവു അറസ്റ്റിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.