പാലിയേക്കര ടോൾ എത്തും മുമ്പ് കാർ തിരിഞ്ഞുപോയി; മണ്ണുത്തിയിൽ 75 ലക്ഷം കവർന്ന കേസിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsതൃശൂർ: മണ്ണുത്തിയിൽ ഹോട്ടലിന് സമീപം വെച്ച 75 ലക്ഷം രൂപ തട്ടിയെടുത്ത് വാഹനത്തിൽ രക്ഷപ്പെട്ട സംഭവത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല. വാഹനത്തെയും പ്രതികളെയും കണ്ടെത്തുന്നതിന് പൊലീസ് വിവിധ സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. പകൽ സമയത്തെ ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ വാഹനം സംബന്ധിച്ച് വ്യക്തതയില്ല.
ശനിയാഴ്ച പുലർച്ചയാണ് എടപ്പാള്‍ സ്വദേശി കണ്ടത്ത് വളപ്പില്‍ മുബാറക്കിന്റെ 75 ലക്ഷം രൂപ അടങ്ങിയ ബാഗ് മണ്ണുത്തിയിലെ ഹോട്ടലിന് സമീപത്ത് നിന്ന് കവർന്നത്. ഇന്നോവ കാറിലെത്തിയ സംഘത്തിലെ ഒരാളാണ് ബാഗെടുത്ത് വാഹനത്തിൽ രക്ഷപ്പെട്ടത്. ഇന്നോവയുടെ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പർ പ്ലേറ്റുകളായിരുന്നു. ഇവ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം ഭാഗത്തേക്കാണ് വാഹനം പോയത്. പുലർച്ചയോടെ ഇവർ ജില്ല അതിർത്തി കടന്നതായി അന്വേഷണത്തിൽ വ്യക്തമായി. പുലർച്ച 5.49 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പകൽ വെളിച്ചത്തിലുള്ള വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമാഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിലൂടെ വാഹനത്തിലെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നാലുപേർ വാഹനത്തിലുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രണ്ടു ദിവസത്തിനകം പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹവാല ഇടപാടുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
ബംഗളൂരുവിൽ ബസ് വിറ്റ് ലഭിച്ച പണം അടക്കമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഹോട്ടല്‍ ഉടമയുടെയും പരിസരത്ത് ഉണ്ടായിരുന്നവരുടെയും മൊഴികളും പൊലീസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

