ബംഗളുരുവിൽനിന്ന് എം.ഡി.എം.എ കടത്ത്; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
text_fieldsതൃശൂർ: ബംഗളൂരുവിൽനിന്ന് കടത്തിയ എം.ഡി.എം.എയുമായി തൃശൂരിൽ മൂന്നുപേർ പിടിയിലായി. റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് രണ്ടു സ്ത്രീകളെയും യുവാവിനെയും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽനിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി ഷഹാന, ആഷിക്കിന്റെ സുഹൃത്തിന്റെ ഭാര്യ മാള സ്വദേശിനി ഹരിത എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാരക മയക്കുമരുന്നുവേട്ടയാണിത്. ബംഗളൂരുവിൽനിന്ന് ട്രെയിനിലാണ് എം.ഡി.എം.എ എത്തിച്ചത്. തൃശൂരിലിറങ്ങിയശേഷം ഗുഡ്സ് ഷെഡിനു സമീപം എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവർ. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയയാളെക്കൂടി പിടികൂടാനായിരുന്നു പൊലീസിന്റെ ശ്രമമെങ്കിലും അതിനു സാധിച്ചില്ല. പിടിയിലായവരുടെ ഫോണ് വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.