38.6 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsആദിൽ മുഹമ്മദ്,
മുഹമ്മദ് റിയാസ്
കുന്ദമംഗലം: ഒവുങ്ങരയിൽ 38.6 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
പത്തനംതിട്ട കുലശ്ശേകരപതി സ്വദേശി ചുട്ടിപ്പാറ ആദിൽ മുഹമ്മദ് (23), മാനന്തവാടി വാലാട്ട് സ്വദേശി കുന്നോത്ത് മുഹമ്മദ് റിയാസ് (23) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
ബംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയായിരുന്ന 38.6 ഗ്രാം എം.ഡി.എം.എയുമായി ഫെബ്രുവരി 20ന് കുന്ദമംഗലം ഒവുങ്ങരയിൽ ഫറൂഖ് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഷഫ്വാൻ (31), ഞാവേലി പറമ്പിൽ ഷഹദ് (27) എന്നിവരെ സിറ്റി ഡാൻസാഫ് ടീമും കുന്ദമംഗലം എസ്.ഐ എ. നിതിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽനിന്ന് പ്രതികൾ എം.ഡി.എം.എ മൊത്തമായി വാങ്ങുന്നത് ബംഗളൂരുവിൽ നിന്നാണെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കൂട്ടുപ്രതികളെ ബംഗളൂരുവിൽനിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം എസ്.ഐ നിതിൻ, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തു.
പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് പ്രതികൾ ബംഗളൂരുവിൽ ഊബർ ടാക്സി ഓടിക്കുന്നവരാണെന്നും ഈ ജോലിയുടെ മറവിൽ ആണ് ഇവർ എം.ഡി.എം.എ കൈമാറ്റം ചെയ്തിരുന്നത് എന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്നവരുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട മയക്കുമരുന്ന് ബംഗളൂരുവിലെ മൊത്തവിതരണക്കാരിൽനിന്ന് വാങ്ങി നൽകുകയാണ് ഇവർ ചെയ്തു വരുന്നത് എന്നും കുന്ദമംഗലം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.