1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
text_fieldsമംഗളൂരു: കൊറിയർ സർവീസ് വഴി എം.ഡി.എം.എ കടത്താൻ പദ്ധതിയിട്ട ശൃംഖല മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് തകർത്തു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഏകദേശം 1.58 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ 796.96 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൾ ഹഫീൽ (25), മംഗളൂരു കുളൂർ കസബയിലെ സിയാവുൽ ഹഖ് (30), മംഗളൂരു പാണ്ഡേശ്വറിലെ അൽതാഫ് (28). എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു നഗരത്തിൽ നിരോധിത എം.ഡി.എം.എ പൊതുജനങ്ങൾക്ക് വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒക്ടോബർ എട്ടിന് രാത്രി 10 മണിയോടെ ഉള്ളാൾ താലൂക്കിലെ കുമ്പളയിലുള്ള ഒരു സൂപ്പർമാർക്കറ്റിന് സമീപത്താണ് സി.സി.ബി പോലീസ് റെയ്ഡ് നടത്തിയത്. കാർ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതായി പറയപ്പെടുന്ന ഓട്ടോറിക്ഷ, ഒരു കാർഡ്ബോർഡ് കൊറിയർ ബോക്സ്, വാട്ടർ പ്യൂരിഫയർ എന്നിവ പോലീസ് പിടിച്ചെടുത്തു. ഉള്ളാൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
അബ്ദുൾ ഹഫീലിനെതിരെ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ദുബൈയിലെ റാസൽ ഖൈമയിൽ ലഹരി വിൽപന കേസിൽ സിയാവുൾ ഹഖ് ഉൾപ്പെട്ടിരുന്നു, അവിടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് മൂന്ന് വർഷം തടവ് അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ് മുമ്പ് പാണ്ഡേശ്വർ പൊലീസ് സ്റ്റേഷനിൽ അൽതാഫിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
പഞ്ചാബിലെ അമൃത്സറിൽ നിന്ന് എം.ഡി.എം.എ വാങ്ങി വാട്ടർ പ്യൂരിഫയറിന്റെ വാട്ടർ സ്റ്റോറേജ് കമ്പാർട്ടുമെന്റിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ച ശേഷം കൊറിയർ സർവീസ് വഴി മംഗളൂരുവിലേക്ക് അയക്കാനും തുടർന്ന് മംഗളൂരു നഗരത്തിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിൽ വിൽക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

