29 വർഷമായി ഒളിവിൽ; വധശ്രമ കേസ് പ്രതി അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: 29 വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമ കേസിലെ പ്രതി ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. കരവാരം തോട്ടക്കാട് കാട്ടിൽ പുത്തൻ വീട്ടിൽ ജലാലുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. നഗരൂർ ദർശന വട്ടം ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ മൈതീൻ കുഞ്ഞിന്റെ മകൻ സൈനുലാബ്ദീനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. 1995 നവംബർ 28ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫിൽ പോകുന്നതിനായി നൽകിയ പണം തിരികെ ചോദിച്ചതിനുള്ള വിരോധത്തിൽ ജലാലുദ്ദീനും സഹോദരന്മാരും ചേർന്ന് ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിന്റെ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
പിടികിട്ടാപ്പുള്ളികളെ പിടിക്കാൻ ആറ്റിങ്ങൽ ഡി.വൈ.എസ്.പി അജി ചന്ദ്രൻ നായർ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ, പൊലീസുകാരായ മനോജ്, അഭിലാഷ് എന്നിവർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി

