മോൺസന് സുരക്ഷയൊരുക്കാൻ ബെഹ്റയുടെ പ്രത്യേക നിർദേശം; പൊലീസ് ആസ്ഥാനത്തെ ദുരൂഹ ബന്ധങ്ങൾ
text_fieldsഡി.ജി.പി ആയി ചുമതലയേറ്റ അനിൽകാന്തിന് ഉപഹാരം നൽകുന്ന മോൻസൺ (ഫയൽ ചിത്രം)
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകളിലടക്കം പ്രതിയാണെന്നറിഞ്ഞിട്ടും മോൻസൺ മാവുങ്കലിന് ചുവപ്പ് പരവതാനി വിരിച്ച് പൊലീസ് ഉന്നതർ. ഡി.ജി.പിയായി ജൂലൈയിൽ ചുമതലയേറ്റ അനിൽകാന്തിനെ പൊലീസ് ആസ്ഥാനെത്തത്തി മോൻസൺ അഭിനന്ദനം അറിയിച്ചത് ഇൻറലിജൻസിന്റെയും സംസ്ഥാന സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് നിലനിൽക്കെയാണ്. പുതിയ ഡി.ജി.പിക്ക് 'പ്രത്യേക സമ്മാനവും' അന്ന് മോൻസൺ നൽകി. പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയായ മനോജ് എബ്രഹാമിന്റെയും ഐ.ജി ജി. ലക്ഷ്മണയുടെയും സഹായത്തോടെയാണ് ഈ സന്ദർശനമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന വിവരം.
മോൻസണിനെ സംരക്ഷിക്കുന്നതിൽ മുൻ ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ ഇടപെടലും സംശയത്തിലാണ്. െബഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിനുപിന്നാലെ നിരവധി അജ്ഞാത പരാതികളും പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.
മോൻസണിന്റെ പക്കലുള്ള പുരാവസ്തുശേഖരങ്ങൾ വ്യാജവും പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ചവയാണെന്നും അന്താരാഷ്ട്ര കുറ്റവാളിയായ ഇയാൾ നികുതിവെട്ടിപ്പ് നടത്തുന്നുണ്ടെന്നുമായിരുന്നു സന്ദേശങ്ങൾ. ഈ 'അനൗദ്യോഗിക സന്ദേശ'ത്തിന്റെ അടിസ്ഥാനത്തിലാണ് 2019 മേയ് 22ന് ഇൻറലിജൻസ് എ.ഡി.ജി.പിയോടും സംസ്ഥാന സ്പെഷൽ ബ്രാഞ്ചിനോടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ െബഹ്റ ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകൾക്ക് സുരക്ഷ നൽകാൻ െബഹ്റ തന്നെ കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും ആലപ്പുഴ എസ്.പിക്കും ഉത്തരവ് നൽകി.
2020 ജനുവരിയിലാണ് മോൻസണിന്റെ സാമ്പത്തിക ഇടപാടുകളും വഴിവിട്ട പൊലീസ് ബന്ധങ്ങളും അന്വേഷിക്കണമെന്ന് സ്പെഷൽ ബ്രാഞ്ചും ഇൻറലിജൻസും റിപ്പോർട്ട് നൽകിയത്. കാര്യമായ വരുമാന സ്രോതസ്സില്ലാതെ കോടികളുടെ സമ്പാദ്യവും വൻ ഭൂസ്വത്തും മുന്തിയ കാറുകളും സ്വന്തമാക്കിയെന്നും പുരാവസ്തുക്കൾ വ്യാജമാണെന്നുമായിരുന്നു കണ്ടെത്തൽ.
ഉന്നത ഉദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധവും ഡോക്ടറാണെന്ന് അവകാശപ്പെടുന്ന മോൻസണിന് സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും ഇടപാടുകളെല്ലാം ദുരൂഹമാണെന്നും െബഹ്റയെ അറിയിച്ചു. ഇയാൾക്ക് പുരാവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള ലൈസൻസില്ലെന്നും വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സ്പെഷൽ ബ്രാഞ്ചും അറിയിച്ചു. പക്ഷേ, റിപ്പോർട്ടിന്മേൽ ഒരു അന്വേഷണവും ഉണ്ടായില്ല. പകരം െബഹ്റയുടെ നിർദേശപ്രകാരം വീടുകൾക്കുള്ള പൊലീസ് സംരക്ഷണവും പട്രോളിങ്ങും തുടർന്നു. പട്രോളിങ് നടത്തുന്നയാളുകൾ ജോലി ചെയ്തുവെന്ന് ഉറപ്പുവരുത്തുന്നതിന് പട്രോളിങ് രജിസ്റ്ററും ഏർപ്പെടുത്തി. മോൻസെൻറ നിർേദശപ്രകാരം വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന 'ബീറ്റ് ബോക്സ്' കഴിഞ്ഞ ദിവസമാണ് നാണക്കേട് കാരണം പൊലീസ് മാറ്റിയത്.
മോൻസണുമായി െബഹ്റക്കും മനോജ് എബ്രഹാമിനുമുള്ള ബന്ധം വാർത്തയായതോടെയാണ് ചേർത്തലയിൽ മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ അട്ടിമറിക്കാൻ ഇടപെട്ടതിന് ഐ.ജി ജി. ലക്ഷ്മണയോട് 2020ൽ െബഹ്റയുടെ നിർദേശപ്രകാരം മനോജ് എബ്രഹാം വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്ന രേഖകൾ പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തുവിട്ടത്. എന്നാൽ നോട്ടീസിൽ ലക്ഷ്മണ നൽകിയ വിശദീകരണം എന്തെന്നോ ഇദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്നോ വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.