അനീഷിന്റെ മരണം ഉലക്കകൊണ്ട് തലക്കടിയേറ്റ്
text_fieldsഅറസ്റ്റിലായ പത്മനാഭനും മകൻ ജിനീപും
ശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കാമലയിൽ ചപ്പിലി വീട്ടില്‍ സി.കെ. അനീഷ് (42) മരിച്ചത് ഉലക്ക കൊണ്ട് തലക്കടിയേറ്റ്. സംഭവത്തിൽ അനീഷിന്റെ വല്യച്ഛന്റെ മകന് വലിയ അരീക്കാമലയിലെ ചപ്പിലി പത്മനാഭന് (54), പത്മനാഭന്റെ മകന് ജിനീപ് (33) എന്നിവരെ തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന് കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കുടിയാന്മല ഇൻസ്പെക്ടർ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്തു.
ചപ്പിലി പത്മനാഭന്റെ വീട്ടുവരാന്തയില്‍ ഞായറാഴ്ചയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സ്വന്തം വീട്ടില്‍ നിന്ന് അനീഷ് 300 മീറ്റര്‍ അകലെയുള്ള പത്മനാഭന്റെ വീട്ടിലേക്ക് പോയത്. വാതിലിന് കുറുകെ തുണിവിരിച്ച് കിടന്നുറങ്ങിയ അനീഷിനെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. സ്ഥലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. അനീഷിന്റെ തലയില്‍ തുണികൊണ്ടുള്ള ഒരു കെട്ടുമുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്ന് പത്മനാഭനെയും ജിനീപിനെയും നേരേത്ത കസ്റ്റഡിയിലെടുത്തിരുന്നു.
2015ല്‍ ചാരായ പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ തടഞ്ഞതിന് അനീഷ്, പിതാവ് കുഞ്ഞിരാമന്, ജിനീപ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് നിലവിലുണ്ട്. കേസിന്റെ വിചാരണ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയെങ്കിലും ജിനീപ് നിരന്തരം ഹാജരാകാത്തതിനെത്തുടര്‍ന്ന് വിചാരണ നീണ്ടുപോവുകയാണ്.
വാക്ക് തർക്കം, പിന്നീട് തലക്കടി
ശനിയാഴ്ച രാത്രി പത്മനാഭന്റെ വീട്ടിലെത്തിയ അനീഷും ജിനീപും തമ്മില്‍ എക്സൈസ് കേസിനെ ചൊല്ലി വാക്ക് തര്‍ക്കം നടന്നു. അതിനുശേഷം അവിടെ ഉറങ്ങാന്‍ കിടന്ന അനീഷിനെ വീട്ടിനകത്ത് നിന്ന് ഉലക്കയെടുത്ത് കൊണ്ടുവന്ന് ജിനീപ് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട പത്മനാഭന് രക്തം ഒഴുകുന്നത് നിലക്കാന് വേണ്ടി അനീഷിന്റെ തലക്ക് തുണികൊണ്ട് കെട്ടുകയും ചെയ്തു. ആശുപത്രിയിലെത്തിക്കാന്‍ പലരെയും ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും ഇവർ മൊഴി നൽകി. അനീഷിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന ധാരണയില്‍ പത്മനാഭനും ജിനീപും കിടന്നുറങ്ങുകയും ചെയ്തു. രാവിലെ എഴുന്നേറ്റപ്പോഴാണ് അനീഷ് മരിച്ചുവെന്ന് അറിഞ്ഞത്.
കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ സംസ്കരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഉലക്ക പത്മനാഭന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവ സമയം പത്മനാഭനും ജിനീപും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ കുടിയാന്മല എസ്.ഐ രാധാകൃഷ്ണന്, എ.എസ്.ഐമാരായ പി.പി. രതീശന്, മുസ്തഫ, സീനിയര്‍ സി.പി.ഒമാരായ ടി.വി. മഹേഷ്, മുഹമ്മദ് നജീബ്, പി.വി. സുജേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.