ഹെൽമറ്റില്ലാതെ വന്നതിന് പെട്രോൾ നൽകാൻ വിസമ്മതിച്ച പമ്പ് ജീവനക്കാരനെ ബൈക്ക് യാത്രികർ വെടി വെച്ചു
text_fieldsപ്രതീകാത്മക ചിത്രം
ഭോപ്പാൽ: ഹെൽമറ്റ് ധരിക്കാതെ ഇന്ധനം നിറക്കാനെത്തിയതിന് പെട്രോൾ നൽകാൻ വിസമ്മതിച്ച പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ചു. മധ്യപ്രേദശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. 55 വയസ്സുള്ള തേജ് നാരായൺ നർവാരിയക്കാണ് വെടിയേറ്റത്.
ഭിന്ദ്-ഗ്വാളിയാർ ദേശീയപാതക്ക് സമീപം സ്ഥിതി ചെയ്യുന്ന സാവിത്രി ലോധി പെട്രോൾ പമ്പിൽ ശനിയാഴ്ച രാവിലെ 5 മണിക്കാണ് ആക്രമണം ഉണ്ടായത്. ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ചാണ് ജീവനക്കാരൻ പെട്രോൾ നൽകാൻ തയാറാകാത്തത്. തുടർന്ന് ബൈക്കിലെത്തിയവർ ജീവനക്കാരനുമായി തർക്കത്തിലായി. തർക്കത്തിനിടെ ഇവർ തോക്കെടുത്ത് ജീവനക്കാരന്‍റെ കൈയിൽ വെടി വെക്കുകയായിരുന്നു.
ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. ദൃശ്യങ്ങളിൽ തോക്കുപയോഗിച്ച് നിരവധി തവണ അക്രമികൾ വെടിയുതിർക്കുന്നത് കാണാം. പരിക്കേറ്റ നർവാരിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.