അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; പിതാവിന്‍റെ ബന്ധു കസ്റ്റഡിയിൽ
text_fieldsrepresentational image
കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മേയ് 19നാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ റിമാൻഡിലുള്ള കുട്ടിയുടെ അമ്മയായ കുറുമശ്ശേരി സ്വദേശിനിയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, കുഞ്ഞിന്‍റെ മാതാവിന് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് ഇവരുടെ കുടുംബം പറയുന്നത്. എന്നാൽ, ഭർത്താവ് ഇത് നിഷേധിച്ചു. കുഞ്ഞിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയെക്കുറിച്ച് കുടുംബത്തിലെ മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. ഭർതൃവീട്ടുകാരെ വേദനിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് മാതാവിന്‍റെ പ്രാഥമിക മൊഴി.
ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് മാതാവ് കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കുഞ്ഞിനെ മാതാവ് കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ അമ്മയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ അമ്മ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.