പെരുമ്പാമ്പിനെ ബൈക്കിൽ കെട്ടി മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു; കേസെടുക്കണമെന്ന് ആവശ്യം
text_fieldsറായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ പെരുമ്പാമ്പിനെ ബൈക്കിൽ കെട്ടിയിട്ട് മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു. ഏകദേശം 10 അടി നീളമുള്ള പെരുമ്പാമ്പിനെ ഒരാൾ തന്റെ ബൈക്കിന്‍റെ പിന്നിൽ കയറുകൊണ്ട് കെട്ടി വലിച്ചിഴക്കുകയായിരുന്നു. ബൈക്കിനെ പിന്തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന ഒരാളാണ് വിഡിയോ പകർത്തിയത്. സംഭവം സമൂഹമാധ്യമത്തിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ആരും പരാതി നൽകിയില്ലെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ പെരുമ്പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയതായി കാങ്കർ ജില്ല പൊലീസ് മേധാവി പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാങ്കർ ജില്ലയിലെ അതൂർ ഗ്രാമത്തിലെ താമസക്കാരനാണെന്നും പൊലീസ് പറഞ്ഞു. സംസ്ഥാന വനം വകുപ്പ് അന്വേഷണവും നടപടിയും ആരംഭിച്ചിട്ടുണ്ട്.
സംഭവം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് പലരും പ്രതികരിച്ചത്. വേട്ടയാടലോ നിയമവിരുദ്ധമായ വ്യാപാരമോ മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന പെരുമ്പാമ്പുകൾ ഭീഷണി നേരിടുന്നുണ്ടെന്നും കുറ്റവാളിക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വിഷമില്ലാത്ത പാമ്പാണ് പെരുമ്പാമ്പ്. സാധാരണയായി 25-40 വർഷം വരെ ഇവ ജീവിക്കുമെന്നാണ് പറയപ്പെടുന്നത്. പെരുമ്പാമ്പുകളെ വംശനാശഭീഷണി നേരിടുന്നവയായി തരംതിരിച്ചിട്ടുണ്ട്. 1972ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ 1 പ്രകാരം പട്ടികപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.