തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു; കൊച്ചുമകളുടെ സുഹൃത്ത് പൊലീസ് പിടിയിൽ
text_fieldsഇന്ദിര
കുന്നുകര: ഒറ്റക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു. കുന്നുകര കുറ്റിപ്പുഴ അഭയം വീട്ടിൽ മുരളീധരൻ്റെ ഭാര്യ റിട്ട: അധ്യാപിക ഇന്ദിരയാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ അവശനിലയിലായ ഇന്ദിരയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശി പൊലീസിൻ്റെ പിടിയിലായതായി സൂചനയുണ്ട്. എന്നാൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
ഇന്ദിരയുടെ വിദേശത്ത് പഠിക്കുന്ന കൊച്ചുമകളുടെ സുഹൃത്താണ് ഒറ്റക്ക് താമസിക്കുന്നതിനാൽ സാധാരണ നിലയിൽ അപരിചിതർ വീട്ടിലെത്തിയാൽ ഇന്ദിര വാതിൽ തുറക്കാറില്ല. എന്നാൽ പ്രതി ഇന്ദിരയുടെ വീട്ടിലെ പതിവ് സന്ദർശകനായിരുന്നുവത്രെ. അടുത്ത പരിചയമുള്ളതിനാലാണ് പ്രതി എത്തിയപ്പോൾ ഇന്ദിര വാതിൽ തുറന്ന് അകത്ത് കയറാൻ അനുവദിച്ചതത്രെ. സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ സ്വർണം കവരാൻ ശ്രമം നടന്നു. ഇന്ദിര എതിർത്തു. പിന്നെ പിടിവലിയായി. അതിനിടയിലാണ് ഇന്ദിരക്ക് ക്രൂര മർദ്ദനമേറ്റതെന്നാണറിയുന്നത്. ഇന്ദിരയുടെ തലയോട്ടിയിൽ ഗുരുതരമായ മൂന്ന് പൊട്ടലുകളുണ്ടായിട്ടുണ്ട്. കനമുള്ള എന്തെങ്കിലും വസ്തു ഉപയോഗിച്ചാകാം ശക്തിയായി അടിച്ചതാകാമെന്നാണ് കരുതുന്നത്. കൂടാതെ കാലിലെയും കൈയിലേയും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.
കവിളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇന്ദിരയുടെ കൈയിലുണ്ടായിരുന്ന സ്വർണ വളയും മാലയും കവർന്ന ശേഷം യുവാവ് പുറത്തിറങ്ങി സാധാരണ പോലെ താക്കോലെടുത്ത് പുറത്ത് നിന്നും പൂട്ടിയ ശേഷം സ്ഥലം വിടുകയായിരുന്നു. രാത്രിയിൽ ഇന്ദിരയുടെ വീടിൻ്റെ സമീപത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തി പലതവണ ഇന്ദിരയെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. തുടർന്ന് സഹോദരൻ്റെ വീട്ടിൽ കരുതിയിരുന്ന ഇന്ദിരയുടെ വീടിൻ്റെ വാതിലിൻ്റെ മറ്റൊരു താക്കോൽ കൊണ്ട് വന്ന് വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇന്ദിരയെ കാണുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ അൽപ്പം സമയം ബോധം തെളിഞ്ഞപ്പോഴാണ് അക്രമിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്ദിര വെളിപ്പെടുത്തിത്. ഉടനെ തന്നെ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സ്വർണവും കണ്ടെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.