നടുറോഡിലെ ലൈംഗികാതിക്രമം: പ്രതിയെ കണ്ടെത്താനായില്ല
text_fieldsതിരുവനന്തപുരം: പാറ്റൂരിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീക്കുനേരെ ലൈംഗികാതിക്രമമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെങ്കിലും ഇതുവരെ ലഭിച്ചവയിൽനിന്ന് പ്രതിയിലേക്കെത്താവുന്ന തെളിവ് ലഭിച്ചിട്ടില്ല. സംഭവം നടന്നതിന് സമീപത്തെ ചില വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം ശേഖരിച്ചെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല.
ഹെൽമറ്റ് ധരിച്ചയാൾ ഇരുചക്ര വാഹനത്തിൽ അതിവേഗത്തിൽ കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസിന്റെ കാമറകളിലെ ദൃശ്യങ്ങളും വ്യക്തമല്ല. ആക്രമണശേഷം ഗൗരീശപട്ടം ഭാഗത്തേക്കാണ് പ്രതി സ്കൂട്ടറോടിച്ച് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവം നടന്ന സമയത്ത് ഈ ഭാഗത്ത് ഉപയോഗിച്ച മൊബൈൽ നമ്പറുകൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. അതിനായി സൈബർ സെല്ലിന്റെ സഹായം തേടി. മാർച്ച് 13ന് രാത്രി 11 ഓടെയാണ് മരുന്നുവാങ്ങാൻ മെഡിക്കൽ സ്റ്റോറിലേക്ക് പോയ സ്ത്രീയെ ഇരുചക്രവാഹനത്തിലെത്തിയയാൾ ആക്രമിച്ചത്. അന്നു രാത്രിതന്നെ പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും സഹായം ലഭിച്ചില്ല. ഒരു മണിക്കൂറിനു ശേഷം മർദനമേറ്റ സ്ത്രീയോട് സ്റ്റേഷനിലെത്തി പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.