ഉവൈസിയുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം തള്ളി
text_fieldsന്യൂഡല്‍ഹി: അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എ.ഐ.എം.ഐ.എം)അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹരജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ശിവസേനയുടെ തെലങ്കാന വിഭാഗം പ്രസിഡന്റ് തിരുപ്പതി നരഷിമ മുരാരി സുപ്രീംകോടതിയെ സമീപിച്ചത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പു പ്രകാരമുള്ള വ്യവസ്ഥകൾ പാർട്ടി പാലിക്കുന്നില്ലെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. പാര്‍ട്ടി ഭരണഘടന മുസ്ലിംകളുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. അതു മതേതരത്വത്തിന്റെ തത്ത്വങ്ങൾക്ക് എതിരാണെന്നും പാർട്ടിക്ക് അംഗീകാരം നൽകാൻ കഴിയില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
എന്നാൽ, ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് ചില അവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കായി പ്രവർത്തിക്കുമെന്ന് പാർട്ടിയുടെ ഭരണഘടന പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാഷ്ട്രീയ പാർട്ടികൾ വർഗീയ പ്രസ്താവനകൾ നടത്തുന്ന വിഷയത്തിൽ ഹരജി ഫയൽ ചെയ്യാൻ ബെഞ്ച് നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.