നഗരത്തിൽ നട്ടപ്പാതിരക്ക് തട്ടിക്കൊണ്ടുപോകൽ; പ്രതികൾ മണിക്കൂറുകൾക്കകം വലയിൽ
text_fieldsജിഷ്ണു, അരവിന്ദ്, അബു താഹിർ, അഭിരാം, മുഹമ്മദ് അർസെൽ, ജുനൈസ്, മുഹമ്മദ് സിനാൻ, ഷഹാന ഷെറിൻ
കോഴിക്കോട്: നഗരത്തിൽ നട്ടപ്പാതിരക്ക് യുവാവിനെ അക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതിയടക്കം ഒമ്പത് പെരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെ ഹരിയാന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറിൽ വന്ന പ്രതികൾ മർദിക്കുകയും, ബലമായി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും റഹീസിനെ മോചിപ്പിക്കുകയും ചെയ്തു.
ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം മോഹൻ (21), വിഷ്ണു നിവാസിൽ ജിഷ്ണു (24), പുളിക്കൽ വീട്ടിൽ അബു താഹിർ (24), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (21), പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ (22), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19), മടപ്പള്ളി വീട്ടിൽ ജുനൈസ് (21), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് (34), പടിഞ്ഞാറേത്തറ സ്വദേശി അരപ്പറ്റ കുന്ന് വീട്ടിൽ ഷഹാന ഷെറിൻ (20) എന്നിവരെയാണ് നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തട്ടിക്കൊണ്ടുപോകുന്നതിനിടെ, ബഹളം കേട്ട് അടുത്ത വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സി.സി.ടി.വി കാമറ പരിശോധിച്ച് തട്ടിക്കൊണ്ടു പോയ വാഹനത്തെപ്പറ്റി മനസ്സിലാക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികൾ കക്കാടം പൊയിലിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന്, നടക്കാവ് പൊലീസ് കക്കാടംപൊയിലിൽ എത്തുകയും കക്കാടംപൊയിലിൽ വ്യൂ പോയന്റിന് സമീപം തട്ടിക്കൊണ്ടുപോയ വാഹനത്തിൽവെച്ച് റഹീസിനെയും തട്ടിക്കൊണ്ടുപോയ നാലംഗ സംഘവും ഇവർക്ക് സഹായങ്ങൾ നല്കിയ മറ്റു നാലു പേരുമുൾപ്പെടെ എട്ടുപേർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
പ്രതികളും റഹീസും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷിജു, എസ്.സി.പി.ഒമാരായ സന്ദീപ് ശശീധരൻ, മുഹമ്മദ് റഷീദ്, സി.പി.ഒമാരായ വിപിൻ, സാജിക്ക് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.