ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിലുണ്ടായ വിവിധ അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടത് പത്ത് പേർ
text_fieldsചെന്നൈ: ദീപാവലി ആഘോഷത്തിനിടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനും രണ്ട് കൗമാരക്കാരും ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. തർക്കം, മുൻവൈരാഗ്യം, മദ്യലഹരിയിലുണ്ടായ സംഘർഷങ്ങൾ എന്നിവയാണ് കൊലപാതകങ്ങളുടെ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
തേനി ജില്ലയിൽ പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ സെന്തിൽ കുമാറാണ് മരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കുകയും അതിന്റെ റീൽസ് ചിത്രീകരിക്കുകയും ചെയ്ത യുവാക്കളെ സെന്തിൽ കുമാർ ശാസിച്ചിരുന്നു. ഇതിൽ പ്രകോപിതരായ സംഘം ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തിങ്കളാഴ്ച മരിച്ചു.
ചെന്നൈയിലാണ് മറ്റൊരു കൊലപാതകം. വ്യാസർപാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ ധനുഷിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരനെ ആക്രമിച്ചത് ചോദിക്കാനെത്തിയ ധനുഷിനെ സംഘം പിന്തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനുഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുച്ചിറപ്പള്ളിയിൽ 17കാരായ രണ്ടുപേരെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തി. പുള്ളമ്പാടി കനാലിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരെ വഴിയിൽ തടഞ്ഞുനിർത്തിയ അക്രമികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
തിരുച്ചിറപ്പള്ളി ജില്ലയിൽതന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ 20 വയസ്സുകാരനായ ഐ.ടി. ജീവനക്കാരനും കൊല്ലപ്പെട്ടു. ചെന്നൈയിൽ ജോലി ചെയ്തിരുന്ന യുവാവ് ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ സമീപവാസികളുമായി തർക്കമുണ്ടായി. പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന്റെ നെഞ്ചിൽ ഇരുമ്പുപകരണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കടലൂർ ജില്ലയിലാണ് മറ്റൊരു സംഭവം. ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന പൃഥ്വിരാജ് കൊല്ലപ്പെട്ടു. അരുളരസൻ എന്നയാളുമായി ഉണ്ടായ സംഘർഷത്തിനിടെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളുടെ കാലിന് വെടിവെച്ച് പിടികൂടി.
പെരമ്പലൂർ ജില്ലയിൽ സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പോയ ആർ. രവിയെ തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. അരുപ്പുക്കോട്ടയ്ക്ക് സമീപം ദീപാവലി രാത്രിയിലുണ്ടായ സംഘർഷത്തിൽ 25 വയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തി. ശിവഗംഗ ജില്ലയിലാണ് മറ്റ് രണ്ട് കൊലപാതകങ്ങൾ.

