ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
സ്വകാര്യ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി ആദ്യം സമ്പർക്കം പുലർത്തുന്നത്. കുട്ടിയുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം പ്രലോഭിപ്പിച്ചും സ്വാധീനിച്ചും കെണിയിലാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ സന്ദർശനം നടത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വീടിന്റെ പിൻവാതിലിലൂടെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.
ഇതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും വീട്ടുകാരുടെയും പരാതിയിൽ ധർമ്മപുരി ഓൾ വുമൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ സമ്മതപ്രകാരമാണ് എന്ന് വാദിക്കാൻ പ്രതിക്ക് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും, ഇത് വ്യക്തമായ ലൈംഗിക അതിക്രമമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവം എത്ര നാളായി തുടരുന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കർശനമായ പ്രായപരിധി നിശ്ചയിക്കണമെന്നും മാതാപിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും രാജ്യത്തെ ചൈൽഡ് റൈറ്റ്സ് പ്രവർത്തകർ ആവശ്യപ്പെട്ടു. ധർമ്മപുരിയിലെ അറസ്റ്റിനെത്തുടർന്ന് തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദങ്ങൾ ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ടി വി കെ സർക്കാർ 'സിംഗപ്പെൺ' എന്ന പേരിൽ പ്രത്യേക വനിതാ പൊലീസ് സേന രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

