'നിനക്കെന്നെ തല്ലണോടാ' എന്ന് ചോദിച്ച് മുഖത്തിടിച്ചു; പ്ലസ് ടുക്കാരുടെ മർദനത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്
text_fieldsതൃപ്പൂണിത്തുറ: പ്ലസ് ടു വിദ്യാർഥികളുടെ മർദനത്തിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് സാരമായ പരിക്ക്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ പഠിക്കുന്ന കാഞ്ഞിരമറ്റം ആമ്പല്ലൂർ സ്വദേശിയായ വിദ്യാർഥിയെയാണ് മർദിച്ചത്. മൂക്കിന്റെ പാലം തകർന്ന കുട്ടി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ തൃപ്പൂണിത്തുറ സ്വദേശികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു.
ആക്രമിച്ചവരിൽ നാലുപേർ പ്ലസ് ടു വിദ്യാർഥികളും ഒരാൾ പത്താം ക്ലാസുകാരനുമാണ്. ഒന്നാം പ്രതിയായ വിദ്യാർഥി പതിനെട്ടുകാരനാണെന്ന് പറയുന്നു. ഇയാൾ മർദനത്തിനിരയായ കുട്ടിയുടെ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയം തകർന്നതോടെ ഇക്കാര്യം പത്താം ക്ലാസുകാരന്റെ സുഹൃത്തായ പെൺകുട്ടിയെ അറിയിച്ചു. ഒന്നാം പ്രതിയുടെ ബന്ധുവായ പത്താം ക്ലാസുകാരനോട് ഇക്കാര്യം പരിക്കേറ്റ വിദ്യാർഥി ചോദിച്ചതാണ് മർദനത്തിന് കാരണം.
സ്കൂളിന്റെ ഒന്നാം നിലയിലെ ശുചിമുറിയിൽ നിൽക്കവേ ഒന്നാം പ്രതിയായ വിദ്യാർഥി, നിനക്കെന്നെ തല്ലണോടാ... എന്ന് ചോദിച്ച് പത്താം ക്ലാസുകാരന്റെ മുഖത്ത് പല തവണ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയിൽ കുട്ടിയുടെ മൂക്കിന്റെ പാലം തകർന്നു. ഒരു പല്ല് ഒടിഞ്ഞിട്ടുണ്ട്. രണ്ട് പല്ലിന് ഇളക്കവും സംഭവിച്ചു. കുട്ടിയുടെ മുഖം നീരുവന്ന് വീർത്തു. മൂക്കിന് ചതവുള്ളതിനാൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കും.
അതേസമയം, സ്കൂളിൽ െവച്ച് വിദ്യാർഥിക്ക് മർദനമേറ്റിട്ട് സ്കൂൾ അധികൃതർ അലംഭാവം കാണിച്ചതായി ആക്ഷേപമുണ്ട്. സംഭവമുണ്ടായി രണ്ടുമണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് പറയുന്നു. സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിട്ടും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാതെ സ്കൂൾ അധികൃതരും ആശുപത്രിക്കാരും മറച്ചുെവച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.