മധു വധം: മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയായി
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയായി. 108,109, 110 സാക്ഷികളെയാണ് വെള്ളിയാഴ്ച വിസ്തരിച്ചത്. 108ാം സാക്ഷി ജി. ഡോളിയെയാണ് ആദ്യം വിസ്തരിച്ചത്. അവർ മൊഴിയിൽ ഉറച്ചുനിന്നു. 109-ാം സാക്ഷി ജൂനിയർ എസ്.ഐ സി.കെ. നൗഷാദിനോട് സംഭവസ്ഥലത്തുനിന്ന് ആദ്യമായി കണ്ടെടുത്തത് എന്തെന്ന ചോദ്യത്തിന് ചോറിന്റെ വറ്റുകളാണെന്നും അത് ഡിവൈ.എസ്.പിയെ ഏൽപ്പിച്ചെന്നും മറുപടി നൽകി.
തുടർന്നാണ് മധുവിനെ കസ്റ്റഡിയിലെടുത്ത പ്രധാന സാക്ഷികളിലൊരാളായ അഗളി അഡീഷണൽ എസ്.ഐ ആയിരുന്ന പ്രസാദ് വർക്കിയെ വിസ്തരിച്ചത്. താനും ഡ്രൈവറും മറ്റൊരു ഉദ്യോഗസ്ഥനുമടങ്ങുന്ന മൂന്ന് പേരാണ് മധുവിനെ കസ്റ്റഡിയിലെടുക്കാൻ ബൊലേറോ ജീപ്പിൽ പോയതെന്ന് അദ്ദേഹം പറഞ്ഞു. മധുവിനെ കസ്റ്റഡിയിലെടുക്കുന്ന സമയം ആരെയെങ്കിലും കൂടെ കൂട്ടിയിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രസാദ് വർക്കി പറഞ്ഞു. കാട്ടിൽ നിന്ന് ആളുകൾ പിടിച്ച സമയത്ത് മധുവിനെ മർദിച്ചോയെന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു മറുപടി.
പരിക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകി. മധു മരിച്ച വിവരം ആദ്യം അറിയിച്ചത് ആരെയാണെന്ന ചോദ്യത്തിന് ആദ്യം ഡിവൈ.എസ്.പിയെയും തുടർന്ന് സി.ഐയെയും പിന്നീട് എസ്.ഐയെയും എന്ന് പറഞ്ഞു. സംഭവ സ്ഥലത്തുനിന്നു 18 കിലോമീറ്റർ അകലെയുള്ള അഗളി വരെ എത്തുന്ന വഴികളിലുള്ള ആശുപത്രികളിൽ എന്തുകൊണ്ട് കാണിച്ചില്ലെന്ന ചോദ്യത്തിന് നല്ല സേവനം ലഭിക്കാനെന്നായിരുന്നു പ്രസാദിന്റെ മറുപടി. മധുവിനെ കസ്റ്റഡിയിലെടുക്കുന്ന സമയം കൃത്യമായി മറുപടി പറഞ്ഞിരുന്നോയെന്ന ചോദ്യത്തിന്, ക്ഷീണിതനായിരുന്നു, ഉത്തരം കൃത്യമായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.
എഫ്.ഐ.ആറിൽ 'നിരവധി കേസുകളിൽ പ്രതിയായ മധു' എന്ന് പറയുന്നുണ്ട് ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ചപ്പോൾ മേൽ ഉദ്യോഗസ്ഥർ പറഞ്ഞ് അറിഞ്ഞതാണെന്ന് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ കണ്ട 44 മുറിവുകൾ എങ്ങനെയുണ്ടായെന്ന ചോദ്യത്തിന് ആളുകളുടെ അടുത്ത് നിന്നാകാമെന്ന് പറഞ്ഞു.
മുക്കാലിയിൽ നിന്ന് പൊലീസ് മധുവിനെ കൊണ്ടുപോയത് അഗളി സ്റ്റേഷനിലേക്കാണെന്നും അവിടെ വെച്ച് മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹമാണ് ആശുപത്രിയിൽ എത്തിച്ചതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.