നഗരത്തിൽ സർക്കാർ മദ്യശാലയിലടക്കം നാലിടങ്ങളിൽ മോഷണം
text_fields1. കണ്ണൂർ പാറക്കണ്ടിയിൽ മോഷണം നടന്ന ബെവ്കോ ഔട്ട്ലെറ്റിൽ പരിശോധനക്കെത്തിയ
പൊലീസ് ഉദ്യോഗസ്ഥൻ ഷട്ടറിനടിയിലൂടെ പുറത്തേക്കിറങ്ങുന്നു 2. ബെവ്കോ ഔട്ട്ലെറ്റ്
പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കടയുടെ പൂട്ട് മോഷ്ടാക്കൾ തകർത്തനിലയിൽ
കണ്ണൂർ: നഗരത്തിൽ സർക്കാർ മദ്യശാലയിലടക്കം നാലിടങ്ങളിൽ മോഷണം. കണ്ണൂർ പാറക്കണ്ടിയിലെ സത്യശ്രീ കോംപ്ലക്സിലെ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ബിവറേജസ് മദ്യശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. മദ്യശാലയിലെ പ്രീമിയം, ജനറൽ കൗണ്ടറുകളുടെ പൂട്ട് തകർത്തനിലയിലാണ്. സമീപത്തെ മൂന്ന് കടകളുടെയും പൂട്ട് തകർത്തു. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടത്. ഉടൻ കണ്ണൂർ ടൗൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റ് മാനേജർ ഷജിലിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റിന്റെ കൗണ്ടറിൽനിന്ന് 25,000 രൂപ വിലവരുന്ന ആറ് മദ്യക്കുപ്പികൾ മോഷണം പോയതായാണ് വിവരം. അനീഷ്, ഷെറിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള എ.എസ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള പ്രസാദ് സ്റ്റോർ, രമ്യയുടെ ഉടമസ്ഥതയിലുള്ള സി.കെ സ്റ്റോർ എന്നീ കടകളുടെയും പൂട്ട് തകർത്തനിലയിലാണ്. മേശവലിപ്പിൽ സൂക്ഷിച്ച പണം മോഷ്ടിക്കപ്പെട്ടതായി സ്ഥാപന ഉടമകൾ പറഞ്ഞു.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ പുലർച്ച 2.30ഓടെ മുഖം മൂടിയും ഗ്ലൗസും ധരിച്ച് രണ്ടുപേരെത്തി പൂട്ട് തകർക്കുന്നതും മദ്യക്കുപ്പികളുമായി പുറത്തേക്ക് വരുന്നതുമായ ദൃശ്യങ്ങളുണ്ട്. ബിവറേജസിൽ മോഷണം നടത്തിയശേഷമാണ് മറ്റു കടകളിൽ മോഷ്ടാക്കൾ കയറിയത്. ഇവിടങ്ങളിൽ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശവലിപ്പും തുറന്നിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.