മൂന്നാം ഭാര്യ വയോധികനെ കൊലപ്പെടുത്തി; മൃതദേഹം കിണറ്റിലെറിഞ്ഞു
text_fieldsഭോപാൽ: അനുപ്പുർ ജില്ലയിലെ സകരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. അറുപതുകാരനായ ഭയ്യാലാൽ രജക്കാണ് കൊല്ലപ്പെട്ടത്. ഭയ്യാലാൽ മൂന്ന് തവണ വിവാഹിതനായിരുന്നു. ആദ്യ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു. രണ്ടാമത്തെ ഭാര്യ ഗുഡ്ഡി ബായിക്ക് കുട്ടികളുണ്ടായിരുന്നില്ല. തനിക്കുശേഷം സ്വത്തുക്കൾക്ക് അവകാശിയില്ലാതാവുമെന്ന് പറഞ്ഞ് ഭയ്യാലാൽ ഗുഡ്ഡിയുടെ ഇളയ സഹോദരി മുന്നി(വിംല)യെ വിവാഹം ചെയ്തു.
മുന്നിയിൽ ഭയ്യാലാലിന് രണ്ട് കുട്ടികളുണ്ടായി. എന്നാൽ മുന്നി നാട്ടിലെ ഭൂമികച്ചവടക്കാരനും വ്യാപാരിയുമായ നാരായൺ ദാസ് കുശ് വാഹയുമായി ഇഷ്ടത്തിലായി. പൊലീസ് പറയുന്നതനുസരിച്ച്, മുന്നിയും ലല്ലുവും (നാരായണ്‍ ദാസ്) തമ്മിലുള്ള അവിഹിത ബന്ധം വളരുകയും തടസ്സമായി നിൽക്കുന്ന ഭയ്യലാലിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു.
കൊലക്കായി തന്റെ തൊഴിലാളിയായ ധീരജ് കോളിനെ സമീപിക്കുകയും ആഗസ്റ്റ് 30ന് രാത്രി, നിർമാണത്തിലിരിക്കുന്ന തന്റെ വീട്ടിന് മുന്നിൽ കട്ടിലിൽ ഉറങ്ങുകയായിരുന്ന ഭയ്യാലാലിനെ വെടിവെക്കുകയും, പുലർച്ചെ രണ്ടു മണിയോടെ, ലല്ലുവും ധീരജും തല ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് പൊളിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലും പുതപ്പിലും പൊതിഞ്ഞ്, കയറും സാരിയുമുപയോഗിച്ച് കെട്ടി ഗ്രാമത്തിലെ കിണറ്റിൽ തള്ളി.
രാവിലെ വെള്ളമെടുക്കാൻ കിണറിനരികിലെത്തിയ രണ്ടാം ഭാര്യ കിണറ്റിൽ എന്തോ പൊങ്ങിക്കിടക്കുന്ന വിവരം ഗ്രാമവാസികളെ അറിയിക്കുകയും പൊലീസെത്തി പരിശോധിക്കുകയുമായിരുന്നു.കിണർവറ്റിച്ച് പുറത്തെത്തിച്ചപ്പോഴാണ് ചാക്കിലും പുതപ്പിലും മൂടിക്കെട്ടിയ നിലയിൽ ഭയ്യാലാലിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കിണറ്റിൽ നിന്ന് മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റ മുറിവുകളാണ് മരണകാരണമെന്ന് കണ്ടെത്തി. 36 മണിക്കൂറിനുള്ളിൽ പൊലീസ് കേസ് തെളിയിക്കുകയായിരുന്നെന്ന് പൊലീസ് മേധാവി മോത്തി ഉർറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.