കളമശ്ശേരി സ്ഫോടനം; സാക്ഷി പറയുന്നവരെ വധിക്കുമെന്ന് ഭീഷണി
text_fieldsകളമശ്ശേരി: യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനം നടന്ന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. കളമശ്ശേരി ചേനക്കാല റോഡിൽ തമ്മിപ്പാറ വീട്ടിൽ ശ്രീകുമാറിനാണ് (48) ഭീഷണി സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അജ്ഞാത മലേഷ്യൻ നമ്പറിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. യഹോവ സാക്ഷികളുടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാ സമ്മേളനങ്ങളിലും പ്രാർഥനാലയങ്ങളിലും ബോംബ് വെക്കുമെന്നും കളമശ്ശേരിയിൽ ബോംബ് വെച്ച കേസിൽ സാക്ഷി പറയുന്ന അംഗങ്ങളെ വധിക്കുമെന്നുമായിരുന്നു വാട്ട്സ്ആപ്പ് സന്ദേശം.
2023 ഒക്ടോബർ 29 നാണ് കളമശ്ശേരി കിൻഫ്രക്ക് സമീപം സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നാടിനെ ഞെട്ടിച്ച ബോംബ് സ്ഫോടനം നടന്നത്. രണ്ടായിരത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു സ്ഫോടനം.
സംഭവത്തിൽ 12 കാരിയടക്കം എട്ടുപേർ കൊല്ലപ്പെട്ടു. 61 ഓളം പേർക്ക് പരിക്കേറ്റു. സംഭവദിവസം തന്നെ സ്പോടനത്തിന്റെ കുറ്റം ഏറ്റ് എറണാകുളം തമ്മനത്ത് താമസിച്ചു വന്ന ഡൊമിനിക് മാർട്ടിൻ എന്നയാൾ തൃശൂർ കൊടകര സ്റ്റേഷനിൽ ഹാജരായി. കേസിന്റെ കുറ്റപത്രം മാസങ്ങൾക്ക് മുൻപ് സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.