വിവിധ ജില്ലകളിൽ വിസ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
text_fieldsരാജേന്ദ്രൻ പിള്ള
മാനന്തവാടി: വയനാട്ടിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങളുടെ വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചാരുംമൂട് കണ്ണനാകുഴി ലക്ഷ്മി സദനത്തിൽ രാജേന്ദ്രൻ പിള്ള എന്ന ബിജു നെടുമ്പള്ളിലിനെയാണ് (51) മാനന്തവാടി പൊലീസ് മാവേലിക്കരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
നെതർലാൻഡിൽ ജോലിയുൾപ്പെടെയുള്ള വിസക്കായി മൂന്നുലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. 1.40 ലക്ഷം, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ഒരു ലക്ഷം രുപയാണ് ആദ്യ ഗഡുവായി നൽകാൻ ആവശ്യപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 45 ഓളം പേർ ഈ തുക നൽകുകയും ചെയ്തിരുന്നു. വിസ ലഭിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നും ഇതിന്റെ ഉറപ്പിലേക്കായി ഉദ്യോഗാർഥികൾക്ക് ചെക്കും നൽകിയിരുന്നു. എന്നാൽ, രണ്ട് വർഷം പിന്നിട്ടിട്ടും വിസ ലഭിക്കാതിരുന്നപ്പോൾ അപേക്ഷകർക്ക് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വയനാട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് സൂചന. ജില്ലയിലും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടാകുമെനാണ് പൊലിസിന്റെ നിഗമനം. മാനന്തവാടി എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐമാരായ ഷിബു പോൾ, വി.ബി. ശിവാനന്ദൻ, എ.എസ്.ഐ ബിജു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനീഷ് കുമാർ, സെബർ സെല്ലിലെ കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.