'നജ് ലയെ ഷഹാന ഭീഷണിപ്പെടുത്തിയത്രെ': പൊലീസുകാരന്‍റെ പെൺസുഹൃത്ത് അറസ്റ്റിൽ
text_fieldsനജ്ല, ടിപ്പുസുൽത്താൻ, മലാല എന്നിവർക്കൊപ്പം റെനീസ്
ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനായ ഭര്‍ത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ. ആത്മഹത്യ ചെയ്ത നജ്ലയുടെ ഭർത്താവ് സിവിൽ പൊലീസ് ഓഫിസർ റെനീസിന്റെ പെൺസുഹൃത്ത് ഷഹാനയെയാണ് പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. റെനീസ് വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഷഹാന ഇയാളെ സമ്മര്‍ദത്തിലാക്കിയിരുന്നെന്നും നജ്ല ഒഴിയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നുമാണ് വിവരം.
ആറുമാസം മുമ്പ് ക്വാർട്ടേഴ്സിൽ എത്തി നജ്ലയെ ഷഹാന ഭീഷണിപ്പെടുത്തിയത്രെ. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ക്വാർട്ടേഴ്സിൽ എത്തി വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ റെനീസിനെതിരെ കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പലതവണ നജ്ലയെ വീട്ടിലേക്കയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. റെനീസിന്റ മാനസിക- ശാരീരിക പീഡനങ്ങളാണ് നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ആലപ്പുഴ കുന്നുംപുറത്തുള്ള എ.ആര്‍ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലായിരുന്നു റനീസിന് ജോലി. സംഭവദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസ്സുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പുസുല്‍ത്താനെ ഷാള്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.