വീണ്ടും അംഗീകാര തിളക്കത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
text_fieldsഒമാൻ എക്രോസ് ഏജസ് മ്യൂസിയം
മസ്കത്ത്: വീണ്ടും അവാർഡ് തിളക്കവുമായി ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. 2025ലെ പബ്ലിക് ആർക്കിടെക്ചർ അവാർഡ് സ്വന്തമാക്കി. ഇന്റർനാഷനൽ പ്രോജക്ട്സ് വിഭാഗത്തിൽ ആസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സാണ് പുരസ്കാരം നൽകുന്നത്.
ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025ലെ ആസ്ട്രേലിയൻ പവലിയനിൽ ആണ് അവാർഡ് പ്രഖ്യാപനം നടന്നത്. ആസ്ട്രേലിയൻ സ്ഥാപനമായ കോക്സ് ആർക്കിടെക്ചറാണ് മ്യൂസിയം രൂപകൽപന ചെയ്തത്. സുൽത്താനേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികപദ്ധതികളിൽ ഒന്നാണ് ഒമാൻ അക്രോസ് ഏജസ് മ്യൂസിയം. 2024ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം ഇടംനേടിയിരുന്നു. യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് തയാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയിരുന്നത്.
ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം മനഅ വിലായത്തിൽ 2023 മാർച്ച് 13നായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്. കഴിഞ്ഞവർഷം ഒന്നാം വാർഷികം വിപുലമായി ആഘോഷിച്ചിരുന്നു. മ്യൂസിയം തുറന്ന് പത്ത് മാസമാകുമ്പോഴേക്കും മൂന്നരലക്ഷത്തിലധികം ആളുകൾ ചരിത്രകൗതുകങ്ങൾ തേടി ഇവിടെ യെത്തി.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാം.
പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവും ഉണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
സന്ദർശകർക്ക് മ്യൂസിയം ഒന്നിലധികം ടൂറിങ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സ്വന്തമായി പര്യവേഷണത്തിന് ആഗ്രഹിക്കുന്നവർക്ക് റിസപ്ഷനിൽ നിന്ന് ബുക്ക്ലെറ്റുകളും മാപ്പുകളും ശേഖരിക്കാം. കൂടുതൽ ആഴത്തിൽ കാര്യങ്ങൾ മനസിലാക്കാനായി വിദഗ്ധരുടെ ഗൈഡഡ് ടൂറുകൾ അധിക ഫീസ് നൽകി ഉപയോഗപ്പെടുത്താം. മ്യൂസിയത്തിന്റെ സ്ഥിരം ഗാലറികളിലൂടെ ആഴത്തിലുള്ള അനുഭവം നൽകി ഒന്നിലധികം ഭാഷകളിൽ ഒരു ഓഡിയോ ടൂർ ഗൈഡ് സേവനവും വാഗ്ദാനം ചെയ്യുന്നു.
നിരവധി വിഭാഗങ്ങളിലുള്ള സന്ദർശകർക്ക് മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 60 ഉം അതിൽ കൂടുതലുമുള്ള പൗരന്മാർ, ജി.സി.സി പൗരന്മാർ, മുതിർന്ന താമസക്കാർ എന്നിവർക്ക് സാധുവായ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ സൗജന്യമായി പ്രവേശിക്കാം. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 25 വയസ്സും അതിൽ താഴെയുമുള്ള സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും സാധുവായ വിദ്യാർഥി ഐഡി ഉപയോഗിച്ച് സൗജന്യ പ്രവേശനമുണ്ട്. കൂടാതെ, ഫ്രണ്ട്സ് ഓഫ് ദി ഒമാൻ മ്യൂസിയത്തിലെ അംഗങ്ങൾ, ഒമാനിലെ പൊതു, സ്വകാര്യ മ്യൂസിയങ്ങളിലെ ജീവനക്കാർ, ഐ.സി.ഒ.എം, ഐ.സി.ഒ.എം.ഒ.എസ്, യുനെസ്കോ അംഗങ്ങൾക്കും പ്രവേശനം സൗജന്യമാണ്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ഇവിടം സന്ദർശിക്കാം. പ്രധാന ഗേറ്റ്, വിജ്ഞാനകേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ തുറക്കും. അടക്കുന്നതിന് അരമണിക്കൂർ മുമ്പുവരെ പ്രവേശനമുണ്ട്. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ട് റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം. ഇ-പേമെന്റ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേമെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.