ആറന്മുള ഉത്രട്ടാതി ജലമേള; വിജയികളെ തീരുമാനിക്കുന്നത് സമയ അടിസ്ഥാനത്തിൽ
text_fieldsജലഘോഷയാത്രക്കുശേഷമാകും മത്സര വള്ളംകളി. ആദ്യം ‘ബി’ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും അതിനുശേഷം ‘എ’ ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനമാക്കിയാകും വിജയികളെ നിശ്ചയിക്കുക. ഫിനിഷിങ് പോയന്റിൽ ഏർപ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഫിനിഷിൽ ഓരോ വള്ളവും ഫിനിഷ് ചെയ്ത സമയം രേഖപ്പെടുത്തും.
അത് ഡിസ്പ്ലേ ബോർഡിൽ കാണാൻ കഴിയും. സെമിഫൈനൽ ഉണ്ടാവില്ല. ഹീറ്റ്സ് മത്സരങ്ങളെല്ലാം പൂർത്തിയാകുമ്പോൾ, പള്ളിയോടസേവാസംഘം നിർദേശിക്കുന്ന നിബന്ധനകൾ പാലിച്ച് തുഴഞ്ഞ്, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത നാല് പള്ളിയോടങ്ങൾ ഫൈനലിൽ പ്രവേശിക്കും. കുറഞ്ഞസമയംകൊണ്ട് രണ്ടാമതു വന്ന വള്ളങ്ങൾ ലൂസേഴ്സ് ഫൈനലിൽ മത്സരിക്കും. ആടയാഭരണങ്ങൾ, അലങ്കാരങ്ങൾ, പാട്ട് എന്നിവ വിലയിരുത്തി പ്രത്യേക സമ്മാനവും നൽകും.
കൂലി തുഴച്ചിൽക്കാരെ കണ്ടെത്തും
ആറന്മുള ഉത്രട്ടാതി ജലമേളയിൽ കൂലി തുഴച്ചിൽക്കാരെ ഇറക്കിയാൽ കുടുങ്ങും. ഇവരുമായി മത്സരവള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരാക്കാനാണ് തീരുമാനം. കഴിഞ്ഞവർഷങ്ങളിൽ ഇത്തരക്കാരെ ഇറക്കിയതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
വെള്ളമുണ്ടും തലയിൽ വട്ടക്കെട്ടുമെന്ന പരമ്പരാഗത വസ്ത്രധാരണം മാത്രമേ പള്ളിയോടത്തിൽ അനുവദിക്കൂവെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തോട് ചേർന്ന്...
ആറന്മുള പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഉത്രട്ടാതി ജലഘോഷയാത്രയുടെയും പിന്നീട് വന്ന മത്സര വള്ളംകളിയുടെയും ചരിത്രം. കാട്ടൂരിൽനിന്ന് ഉത്രാടനാളിൽ മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ പാർഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളുമായി പുറപ്പെട്ട തിരുവോണത്തോണിക്ക് നേരെ നദിയിൽ ആക്രമണമുണ്ടായപ്പോൾ അതിനെ കരനാഥന്മാരെത്തി പ്രതിരോധിച്ച് തോണിക്ക് സംരക്ഷണവുമായി കെട്ടുവള്ളത്തിൽ ആറന്മുളക്ക് വന്നു.
പിന്നീട് എല്ലാ വര്ഷവും തിരുവോണത്തോണിക്ക് ഇവർ അകമ്പടി സേവിച്ചു. ഇതിനിടെ, കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പള്ളിയോടങ്ങൾ തോണിക്ക് അകമ്പടി സേവിക്കാനായി നിർമിച്ചു. ഇവ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കാനായി പാർഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ഉത്രട്ടാതി നാളിൽ ആരംഭിച്ച ജലഘോഷയാത്ര 1972ൽ മത്സരവള്ളംകളിയായി മാറുകയായിരുന്നു.
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള വള്ളംകളി. കിഴക്കന് ശൈലി വഞ്ചിപ്പാട്ടുകളാണ് ആറന്മുള വള്ളംകളിക്ക് പാടുന്നത്. എ ഗ്രേഡ്, ബി ഗ്രേഡ് എന്നിങ്ങനെ പള്ളിയോടങ്ങളെ രണ്ടായി തിരിച്ചാണ് പമ്പാനദിയിൽ മത്സരം.
പള്ളിയോടങ്ങളുടെ ട്രാക്കും ഹീറ്റ്സും ഇങ്ങനെ
‘എ’ ബാച്ച്
- ബാച്ച് ഒന്ന് - പൂവത്തൂർ പടിഞ്ഞാറ്, ചെറുകോൽ, ഇടയാറൻമുള കിഴക്ക്
- ബാച്ച് രണ്ട് - കോയിപ്രം, കിഴക്കൻ ഓതറ കുന്നേക്കാട്, വരയന്നൂർ
- ബാച്ച് മൂന്ന് - ഇടശ്ശേരിമല കിഴക്ക്, കുറിയന്നൂർ, മഴുക്കീർ
- ബാച്ച് നാല് - കീഴവൻമഴി, ഓതറ, കീഴുകര,
- ബാച്ച് അഞ്ച് - അയിരൂർ, മുണ്ടൻകാവ്, മല്ലപ്പുഴശ്ശേരി
- ബാച്ച് ആറ് - മേലുകര, നെല്ലിക്കൽ, നെടുമ്പ്രയാർ
- ബാച്ച് ഏഴ് - പ്രയാർ, പുന്നംതോട്ടം, കോഴഞ്ചേരി
- ബാച്ച് എട്ട് - ഇടപ്പാവൂർ, പേരൂർ, ഉമയാറ്റുകര, ഇടനാട്
- ബാച്ച് ഒമ്പത് - ഇടശ്ശേരിമല, കീഴിച്ചേരി മേൽ, ളാക ഇടയാറൻമുള
- ബാച്ച് പത്ത് - മാലക്കര, കാട്ടൂർ, തെക്കേമുറി, വെൺപാല
- ബാച്ച് 11 - തെക്കേമുറി കിഴക്ക്, ഇടയാറൻമുള, മാരാമൺ, ചിറയറമ്പ്
‘ബി’ ബാച്ച്
- ബാച്ച് ഒന്ന് - തൈമറവുംകര, കോടിയാട്ടുകര, ഇടപ്പാവൂർ
- ബാച്ച് രണ്ട് - മുതവഴി, പുതുക്കുളങ്ങര, പൂവത്തൂർ കിഴക്ക്
- ബാച്ച് മൂന്ന് - തോട്ടപ്പുഴശ്ശേരി, വൻമഴി, മംഗലം
- ബാച്ച് നാല് - ആറാട്ടുപുഴ, ഇടക്കുളം, ചെന്നിത്തല, പുല്ലൂപ്രം
- ബാച്ച് അഞ്ച് - കോറ്റാത്തൂർ, കീക്കൊഴുർ, കടപ്ര, റാന്നി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.