ഖസ്റുൽ സെബ്ബ; പൗരാണികതയുടെ സുഗന്ധ ചെപ്പ്
text_fieldsറാസല്‍ഖൈമ അല്‍ ശമല്‍ മലനിരയില്‍ സ്ഥിതി ചെയ്തിരുന്ന അതിപുരാതന കൊട്ടാരമായ ‘ഖസ്റുല്‍ സെബ്ബ’യുടെ മേല്‍ക്കൂര
അറബ് പഴമയുടെ സാംസ്ക്കാരിക ഔന്നത്യത്തിന്റെ പ്രബല കാലഘട്ടമായ ഉമ്മുല്‍നാര്‍ നാഗരികതയുടെ ശേഷിപ്പുകളാല്‍ സമ്പന്നമാണ് റാസല്‍ഖൈമയിലെ അല്‍ ശമല്‍ ഗ്രാമം. ഉമ്മുല്‍നാര്‍ നാഗരികത, തുടക്ക വെങ്കല യുഗം, അയോ യുഗം, ഹെല്ലനിക്, പാര്‍ത്യന്‍, അബ്ബാസിയ തുടങ്ങിയ കാലഘട്ടങ്ങളില്‍ സാമൂഹിക വളര്‍ച്ചയുടെ ഉത്തുംഗതയില്‍ വിരാജിച്ച പ്രദേശമായാണ് അല്‍ ശമലിനെ ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്.
ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ ഒമാനിന്റെ ഭക്ഷ്യ സംഭരണ അറയായും ശമല്‍ അറിയപ്പെട്ടു. ഈ പ്രദേശത്തെ മലനിരകളുടെ ചാരത്ത് കല്ലുകള്‍ വെട്ടി പാര്‍പ്പിടങ്ങള്‍ ഒരുക്കിയാണ് പൂര്‍വ്വികര്‍ വസിച്ചിരുന്നതെന്ന് ഇവിടെ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മനിയിലെ ആര്‍ക്കിയോളജിക് സര്‍വകലാശാല സാക്ഷ്യപ്പെടുത്തുന്നു.
വ്യത്യസ്ത ജീവികളുടെ പുറം തോടുകളും മല്‍സ്യങ്ങളുടെ അവശിഷ്ടങ്ങളും ശമലില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇവിടെ നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണയിച്ച ഗവേഷകര്‍ ഇവിടെ നിലനിന്ന പുരാതന നദീതട സംസ്കാരത്തെക്കുറിച്ച നിഗമനങ്ങളും പങ്കുവെക്കുന്നു.
അറബികഥകളിലെ സ്തോഭജനകമായ നിമിഷങ്ങളെ അനുഭവഭേദ്യമാക്കുന്നതാണ് അതിപുരാതന കൊട്ടാരമായ ‘ഖസ്റുല്‍ സെബ്ബ’യുമായി ബന്ധപ്പെട്ട വര്‍ത്തമാനങ്ങള്‍. സമുദ്ര നിരപ്പില്‍നിന്ന് 200 മീറ്റര്‍ ഉയരത്തിലായിരുന്ന കൊട്ടാരം ഋതുഭേദങ്ങള്‍ക്കിടയില്‍ നിലം പൊത്തുകയായിരുന്നു.
ചുണ്ണാമ്പ് കല്ലിലും ഈന്തപ്പന തടികളിലുമായിരുന്നു യു.എ.ഇയിലെ ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന കൊട്ടാരത്തിന്റെ നിര്‍മിതി. കൊട്ടാരത്തെക്കുറിച്ച് നിഗൂഢതകളുടെ കഥകള്‍ ഏറെയുണ്ടെങ്കിലും സെബ്ബ എന്ന് വിളിക്കപ്പെട്ട സെനൂബിയ രാജ്ഞിയുടെ കൊട്ടാരമായിരുന്നുവെന്ന കഥക്കാണ് പ്രദേശവാസികള്‍ക്കിടയില്‍ പ്രചാരം. സെബ്ബ എന്നാല്‍ തന്റേടി. സെബ്ബ രാജ്ഞിയെ ഒമാനിലേക്ക് നാടുകടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
രാജ്ഞിക്കൊപ്പമുണ്ടായിരുന്നവരില് പലരെയും കൊലപ്പെടുത്തി പാറക്കെട്ടുകള്‍ക്കിടയില്‍ ഖബറടക്കിയതായും തദ്ദേശവാസികള്‍ പറയുന്നു.
ആയിരമാണ്ടുകളെക്കാള് പഴക്കമുള്ളതാണ് ‘ഖസ്റുല്‍ സെബ്ബ’. ബി.സി ആയിരത്തില്‍ യമനിലെ മാരിബ് രാജ്യം ഭരിച്ചിരുന്ന രാജ്ഞിയെന്ന് ബൈബിളും അറേബ്യന്‍ ഉപദ്വീപിലെ സൂര്യാരാധികയായി ശേഷം ഇസ്ലാം സ്വീകരിച്ചതെന്ന് ഖുര്‍ആനിലും പരാമര്‍ശിച്ച ഷേബാ രാജ്ഞിയുടെ (ബല്ഖീസ്) കൊട്ടാരമായിരുന്നുവെന്ന് വിശ്വസിക്കുന്നവരുമേറെയുണ്ട്.
ക്രിസ്ത്വാബ്ധം 267ല്‍ ഇപ്പോഴത്തെ മധ്യ സിറിയയിലെ പാല്‍മിറ പ്രദേശത്തെ ധീരയായ യുദ്ധപോരാളിയായിരുന്നു സെനൂബിയ. റോമിന്റെ പല പ്രദേശങ്ങളും പിടിച്ചടക്കിയുള്ള ജൈത്രയാത്രക്കിടെ റോമന്‍ ചക്രവര്‍ത്തി ഔറേലിയന്‍ മുന്നില്‍ സെനൂബിയ അടിയറവ് പറഞ്ഞു. സെനൂബിയ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടാരം ക്രിസ്ത്വാബ്ധം 1700 വരെ മാറി വന്ന ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.
‘ഖസ്റുല്‍ സെബ്ബ’യെക്കുറിച്ച നിഗൂഢതകള്‍ നിറഞ്ഞ കെട്ടുകഥകള്‍ക്കാണ് പ്രചാരം. കാലപ്പഴക്കത്തെക്കുറിച്ച് തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലാത്ത ‘ഖസ്റുല്‍ സെബ്ബ’ കാല ദൈര്ഘ്യങ്ങളിലെ വ്യത്യാസങ്ങളെ ചൂണ്ടി ശക്തയായ സ്ത്രീയുടെ നേതൃത്വത്തില്‍ ഭരണം നടന്നിരുന്നതായി നിരീക്ഷിക്കുന്ന വിദഗ്ധര്‍ പ്രചാരത്തിലുള്ള രാജ്ഞിയല്ലെന്നും വിലയിരുത്തുന്നു.
പത്തോളം മുറികളുണ്ടായിരുന്ന കൊട്ടാരത്തിന് ഇടുങ്ങിയ ഇടനാഴിയും കിളിവാതിലുകളും ഉണ്ടായിരുന്നതായി ഇവിടെ കേന്ദ്രീകരിച്ച് നടന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊട്ടാരത്തോട് ചേര്‍ന്ന് നിര്‍മിച്ച ആഴത്തിലുള്ള ജലസംഭരണിയും ആധുനിക കോണ്‍ക്രീറ്റ് നിര്‍മിതിയെ വെല്ലുവിളിച്ച് തലയുയര്‍ത്തി നില്ക്കുന്ന മേല്‍ക്കൂരയുമാണ് നിലം പതിക്കാതെ നിലനില്‍ക്കുന്ന കൊട്ടാരത്തിന്റെ ബാക്കിപത്രം. ‘ഖസ്റുല്‍ സെബ്ബ’യും അനുബന്ധ പ്രദേശങ്ങളും നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.