സിനിമാ കോൺക്ലേവിൽ സ്ത്രീകളെയും ദലിതരേയും അധിക്ഷേപിച്ച് അടൂർ ഗോപാലകൃഷ്ണൻ, സദസിൽ നിന്ന് പ്രതിഷേധം
text_fieldsഅടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സിനിമാനയം രൂപീകരിക്കാനായി നടത്തുന്ന സിനിമാ കോൺക്ലേവിൽ സ്ത്രീകൾക്കെതിരെയും ദലിതർക്കെതിരെയും അധിക്ഷേപ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്.
ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർസ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സർക്കാർ പണം നൽകേണ്ടതെന്നും അടൂർ പറഞ്ഞു. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേത് അനാവശ്യമായ സമരമാണെന്നും അദ്ദേഹം പറഞ്ഞു. സമരം കൊണ്ട് ആ സ്ഥാപനത്തെ ഒന്നുമല്ലാതാക്കി. സിനിമാനയം രൂപീകരിക്കാനായി നടത്തിയ സിനിമാ കോൺക്ലേവിലാണ് അധിക്ഷേപ പരാമർശം.
സർക്കാർ പണം നൽകുന്നത് ആർക്കാണെന്ന് നോക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് മുന്നോട്ട് വരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാണ് ഒന്നരക്കോടി വീതം രണ്ടുപേർക്ക് നൽകിയത്. സ്ത്രീകൾക്ക് മുന്നോട്ട് വരാൻ വേണ്ടിയാണ് പണം നൽകിയതെന്നും നല്ല സിനിമകൾക്ക് കൂടുതൽ പണം നൽകണമെന്നാണ് സർക്കാരിന് താൽപര്യമെന്നും സജി ചെറിയാൻ പറഞ്ഞു.
പരാമർശത്തിനെതിരെ സദസിലുണ്ടായിരുന്ന കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്തും രംഗത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.