ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ നഗരം
text_fieldsമരംകൊണ്ട് പരമ്പരാഗതമായി കളിപ്പാട്ടങ്ങൾ നിർമിക്കുന്ന ചന്നപട്ടണ. ചന്നപട്ടണയുടെ വഴികൾ നമ്മളിലെ കുട്ടിത്തത്തെ ഉണർത്തും. സാധാരണ മരക്കഷണം നിമിഷങ്ങൾക്കുള്ളിൽ ഒരു സുന്ദര രൂപമായി മാറുന്നത് കണ്ടിരിക്കുന്നവരെപ്പോലും അത്ഭുതപ്പെടുത്തും
ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള യാത്രയിൽ കർണാടകയിലെ രാമനഗര ജില്ലയിൽ ഒരു കളിപ്പാട്ട നഗരമുണ്ട്. ബംഗളൂരു നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി ഏകദേശം 60 കിലോ മീറ്റർ പിന്നിടുമ്പോൾ എത്തുന്ന ചന്നപട്ടണ. മൈസൂരുവിൽനിന്ന് 80 കിലോ മീറ്ററും ബംഗളൂരുവിൽനിന്ന് 60 കിലോ മീറ്ററുമുണ്ട്. അവിടെ നമ്മെ വരവേൽക്കുന്നത് പല നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളാണ്.
കളിപ്പാട്ടങ്ങളുടെ ഉത്ഭവം കൃത്യമായി പറയാൻ സാധ്യമല്ലെങ്കിലും, പുരാതന കാലം മുതൽ കളിപ്പാട്ടങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. മരംകൊണ്ട് പരമ്പരാഗതമായി കളിപ്പാട്ടങ്ങൾ നിർമിക്കുന്ന ചന്നപട്ടണ. ചന്നപട്ടണയുടെ വഴികൾ നമ്മളിലെ കുട്ടികളെ ഉണർത്തും. സാധാരണ മരക്കഷണം നിമിഷങ്ങൾക്കുള്ളിൽ ഒരു സുന്ദര രൂപമായി മാറുന്നത് കണ്ടിരിക്കുന്നവരെപ്പോലും അത്ഭുതപ്പെടുത്തും. ചെത്തിമിനുക്കിയ ആ മരക്കഷണം കറങ്ങുന്ന യന്ത്രത്തിലിട്ട് ഉളികൊണ്ട് രൂപപ്പെടുത്തിയെടുക്കുന്ന കൃത്യത അപാരം. ചെറിയ നഗരമായതുകൊണ്ടു തന്നെ താമസസൗകര്യമുള്ള ഹോട്ടലുകൾ കുറവാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം
ചന്നപട്ടണയിലെ കളിപ്പാട്ട നിർമാണത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനാണ് ഇതിന് തുടക്കമിട്ടത്. പേർഷ്യയിൽനിന്നുള്ള കളിപ്പാട്ടങ്ങളോട് താൽപര്യം തോന്നിയ അദ്ദേഹം അവിടത്തെ കരകൗശല വിദഗ്ധരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും പ്രാദേശിക കലാകാരന്മാർക്ക് ഈ വിദ്യ പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു.
ചന്നപട്ടണയിലെ ഏറ്റവും പ്രശസ്തമായ കളിപ്പാട്ടങ്ങളിലൊന്നാണ് പമ്പരം. നൂല് ഉപയോഗിച്ച് കറക്കുന്ന വലിയ പമ്പരങ്ങൾ മുതൽ വിരലുകൊണ്ട് കറക്കാവുന്ന ചെറിയ ഫിംഗർ ടോപ്‌സ് വരെ ഇതിൽ ഉൾപ്പെടുന്നു. തടിയിൽ തീർത്ത രാജാ-റാണി പാവകളും ചന്നപട്ടണയിലെ പ്രധാന ആകർഷണമാണ്. കൈക്കുഞ്ഞുങ്ങൾക്കായി നിർമിക്കുന്ന കിലുക്കാംപെട്ടികൾക്കും ആവശ്യക്കാർ ഏറെയാണ്. മരത്തിൽ നിർമിക്കുന്ന ചെറിയ ചട്ടിയും കലവും അടങ്ങുന്ന മിനിയേച്ചർ അടുക്കള സെറ്റുകളും വളരെ ആവശ്യക്കാരുള്ള ഉൽപന്നമാണ്. മരത്തിൽ തീർത്ത ചെറിയ തീവണ്ടി എൻജിനുകളും ബസുകളും വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ധാരാളമായി വാങ്ങുന്ന ഒന്നാണ്.
ഐവറി വുഡാണ് പ്രധാനം
കളിപ്പാട്ടങ്ങൾ നിർമിക്കാൻ പ്രധാനമായും ഐവറി മരമാണ് (ദന്തപാല) ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ചന്ദനത്തടിയും ആനക്കൊമ്പും ഉപയോഗിച്ചാണ് കളിപ്പാട്ടങ്ങൾ നിർമിച്ചിരുന്നത്. എന്നാൽ ഇവയുടെ ലഭ്യത കുറഞ്ഞതും വില കൂടിയതും കാരണം പകരമായി ഐവറി വുഡ് ഉപയോഗിക്കാൻ തുടങ്ങി. ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പുള്ളതുമായ ഈ തടിയിൽ കൊത്തുപണികൾ ചെയ്യാൻ എളുപ്പമാണ്. കൂടാതെ കളിപ്പാട്ടങ്ങൾ നിർമിക്കുമ്പോൾ ഈ തടി പൊട്ടിത്തെറിക്കുകയോ കൂർത്ത അരികുകൾ ഉണ്ടാവുകയോ ചെയ്യുന്നില്ല. മരം മുറിച്ചുകഴിഞ്ഞാൽ മാസങ്ങളോളം അത് ഉണങ്ങാൻ വെക്കും. ഈ കാത്തിരിപ്പാണ് കളിപ്പാട്ടത്തിന് ബലം നൽകുന്നത്.
ഐവറി വുഡ് മുറിച്ച ഉടനെ ഉപയോഗിക്കാറില്ല. ഇവക്ക് കൃത്യമായ ഉണക്കൽ രീതിയുണ്ട്. മരം മുറിച്ച ശേഷം ഏകദേശം മൂന്നു മുതൽ 6 മാസം വരെ തണലത്തിട്ട് ഉണക്കുന്നു. നേരിട്ട് വെയിലത്ത് ഉണക്കാറില്ല. കാറ്റും വെളിച്ചവുമുള്ള തണൽ സ്ഥലങ്ങളിൽ വെച്ചാണ് തടി ഉണക്കുക. തടിക്കുള്ളിലെ ഈർപ്പം പൂർണമായും കളയാനാണ് ഇങ്ങനെ ചെയ്യുന്നത്. വെയിലത്ത് വെച്ചാൽ തടി പെട്ടെന്ന് ഉണങ്ങി പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള തടി ഉപയോഗിച്ചാൽ കളിപ്പാട്ടങ്ങളിൽ വിള്ളൽ വീഴാൻ സാധ്യതയേറും. ഉണങ്ങിക്കഴിയുമ്പോൾ ഈ തടിക്ക് ഭാരം വളരെ കുറവായിരിക്കും. നന്നായി ഉണങ്ങിയ ഐവറി വുഡിൽ മാത്രമേ പ്രകൃതിദത്ത നിറങ്ങൾ കൃത്യമായി പിടിക്കുകയുള്ളൂ.
ചന്നപട്ടണയെ ലോകപ്രശസ്തമാക്കുന്നത് അവിടത്തെ ചായങ്ങളാണ്. രാസവസ്തുക്കൾക്ക് പകരം അരക്ക് ആണ് ഉപയോഗിക്കുന്നത്. ഇത് പ്രകൃതിദത്തമായ ഒരു കറയാണ്. ഇതിൽ കലർത്തുന്ന നിറങ്ങൾ പച്ചക്കറികളിൽനിന്നും സസ്യങ്ങളിൽനിന്നും വേർതിരിച്ചെടുക്കുന്നതാണ്. മഞ്ഞ നിറത്തിന് മഞ്ഞൾ, ചുവപ്പിന് കുങ്കുമം എന്നിവയാണ് ഉപയോഗിക്കുന്നത്. ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ ഏറ്റവും വലിയ രഹസ്യം അതിന്റെ തിളക്കമാണ്. ഒരു തുള്ളി വാർണിഷ് പോലും ഇല്ലാതെയാണ് ഈ തിളക്കം വരുന്നത്. ചായം പൂശിയ ശേഷം കൈതോല ഉപയോഗിച്ച് കറങ്ങുന്ന കളിപ്പാട്ടത്തിൽ അമർത്തി ഉരസുന്നു. ഈ ഉരസലിലുണ്ടാകുന്ന ചൂട് ചായത്തെ മരത്തിലേക്ക് ആഴ്ന്നിറക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.
ഉരുണ്ട പാവകൾ
ഇവിടത്തെ കളിപ്പാട്ടങ്ങളിൽ ഭൂരിഭാഗവും ഉരുണ്ട ആകൃതിയിലുള്ളവയാണ്. ഇതിന് പിന്നിൽ പ്രായോഗികമായ ചില കാരണങ്ങളുണ്ട്. ചന്നപട്ടണ കളിപ്പാട്ടങ്ങൾ നിർമിക്കുന്നത് ലാത്ത് എന്ന കടച്ചിൽ യന്ത്രങ്ങളിലാണ്. തടിക്കഷണം ഈ യന്ത്രത്തിൽ വെച്ച് വേഗത്തിൽ കറക്കുന്നു. ഈ സമയത്ത് ഉളി ഉപയോഗിച്ച് ചെത്തിയാണ് രൂപം ഉണ്ടാക്കുന്നത്. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന തടിയിൽ രൂപങ്ങൾ ഉണ്ടാക്കുമ്പോൾ സ്വാഭാവികമായും ഇവക്ക് ഉരുണ്ട ആകൃതി ലഭിക്കുന്നു. ഇവയുടെ കൃത്യമായ ഈ ഉരുണ്ട രൂപമാണ് ബാലൻസ് നിലനിർത്തുന്നത്. കൂർത്ത മുനകളോ മൂലകളോ ഇല്ലാത്തതിനാൽ കുട്ടികൾ കളിക്കുമ്പോൾ മുറിവേൽക്കാനുള്ള സാധ്യതയുമില്ല.
കളിപ്പാട്ടങ്ങളിലെ ജീവിതം
ഈ പട്ടണത്തിലെ ഓരോ വീഥികളിലൂടെയും നടക്കുമ്പോൾ കേൾക്കുന്ന കടച്ചിൽ യന്ത്രങ്ങളുടെ ശബ്ദം കേവലം ഒരു വ്യവസായത്തിന്റെ ഒച്ചയല്ല. മറിച്ച് തലമുറകളായി കളിപ്പാട്ടങ്ങളിൽ മാത്രം ജീവിതം കണ്ടെത്തുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയമിടിപ്പാണ്. നിറങ്ങളുടെയും മരത്തിന്റെ ഗന്ധത്തിന്റെയും ലോകം മനോഹരമാണ്. ഒരു കളിപ്പാട്ടം വാങ്ങുക എന്നതിനപ്പുറം ഓരോ കളിപ്പാട്ടത്തിന് പിന്നിലും തുടിക്കുന്ന മനുഷ്യജീവിതങ്ങളെയും അവരുടെ അതിജീവനത്തെയും തൊട്ടറിഞ്ഞ ചില നിമിഷങ്ങൾ.
മിക്കവാറും വീടുകളിൽ മുതിർന്നവർ കളിപ്പാട്ടത്തിന്റെ തടി മിനുക്കുമ്പോൾ, മക്കൾ അതിന് നിറം നൽകുന്നുണ്ടാകും. ചെറുമക്കൾ അത് പാക്ക് ചെയ്യുന്നുണ്ടാകും. പണത്തേക്കാൾ ഉപരി പൂർവികർ കൈമാറിയ കലയെ കാത്തുസൂക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
കടകളിൽ കാണുന്ന ഓരോ കളിപ്പാട്ടത്തിന് പിന്നിലും എണ്ണമറ്റ മണിക്കൂറുകളുടെ ഏകാഗ്രതയുണ്ട്. കഠിനമായ ചൂടിൽ, മരപ്പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ ഇരുന്നാണ് ഓരോ കലാകാരനും കളിപ്പാട്ടങ്ങൾക്ക് രൂപംനൽകുന്നത്. ചൈനീസ് കളിപ്പാട്ടങ്ങളുടെയും ബാറ്ററിക്കൊണ്ട് ഓടുന്ന യന്ത്രപ്പാവകളുടെയും ഇടയിൽ, ശ്വാസം മുട്ടുന്ന മര കളിപ്പാട്ടങ്ങൾക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട്.
ജി.ഐ ടാഗ്
ഇവിടുത്തെ കളിപ്പാട്ടങ്ങളുടെ സവിശേഷതയും പാരമ്പര്യവും കണക്കിലെടുത്ത് 2005ലാണ് ഇവക്ക് ജി.ഐ ടാഗ് ലഭിച്ചത്. ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ തനതായ നിർമാണരീതിയും പാരമ്പര്യവും സംരക്ഷിക്കുന്നതിനാണ് ഈ ടാഗ്. ഒരു ഉൽപന്നം അതിന്റെ ഗുണമേന്മക്കും സവിശേഷതക്കും പേരുകേട്ട ഒരു പ്രത്യേക സ്ഥലത്തുനിന്നുള്ളതാണെന്ന് ഉറപ്പുനൽകുന്ന ഭൂപ്രദേശ സൂചികയാണ് ഇത്. ജി.ഐ ടാഗ് ലഭിച്ചതോടെ ചന്നപട്ടണ കളിപ്പാട്ടങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം ലഭിച്ചു. വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാനും ഈ പ്രദേശത്തെ യഥാർഥ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
പ്രതിസന്ധികളും അതിജീവനവും
ചന്നപട്ടണയിൽ കളിപ്പാട്ട നിർമാണവുമായി ബന്ധപ്പെട്ട് 500ലധികം ചെറുകിട യൂനിറ്റുകളും ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 3000 മുതൽ 4000 വരെ കരകൗശല തൊഴിലാളികൾ ഈ മേഖലയിൽ നേരിട്ട് ജോലിചെയ്യുന്നുണ്ട്. 20ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചൈനീസ് പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ വരവ് ചന്നപട്ടണയുടെ വിപണിയെ സാരമായി ബാധിച്ചു. വില കുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങളോട് മത്സരിക്കാൻ ഈ കരകൗശല ഗ്രാമം കഷ്ടപ്പെട്ടു. എന്നാൽ, 2000ത്തിന് ശേഷം പ്രകൃതിദത്തവും സുരക്ഷിതവുമായ ഉൽപന്നങ്ങളോടുള്ള ആഗോള താൽപര്യം ചന്നപട്ടണക്ക് പുനർജന്മം നൽകി.
ചന്നപട്ടണയിലൂടെ ഒരിക്കൽ യാത്ര ചെയ്തവർക്ക് ആ നിറക്കൂട്ടുകളെ അവഗണിച്ചു കടന്നുപോകാൻ കഴിയില്ല. ആ പാവക്കടകളിൽനിന്ന് ഒരെണ്ണമെങ്കിലും വാങ്ങാതെ മടങ്ങാൻ കഴിയില്ല. അത് ആ പാവകളുടെ ഭംഗികൊണ്ട് മാത്രമല്ല നമ്മുടെ ഉള്ളിലെ കുട്ടിയെ സന്തോഷിപ്പിക്കാൻ കൂടിയാണ്. ഇവിടത്തെ പാവകൾ പ്രകൃതിദത്തമായ ചായങ്ങൾ കൊണ്ട് നിർമിച്ചതിനാൽ കുഞ്ഞുങ്ങൾ അത് വായിൽ വെച്ചാലും പേടിക്കാനില്ല എന്ന വിശ്വാസം ഇവിടെയെത്തുന്ന ഓരോരുത്തർക്കും ഉണ്ട്.
കയറ്റുമതിയും വിപണന സാധ്യതയും
അമ്പതിന്റെയും ആയിരത്തിന്റെയും എല്ലാം കളിപ്പാട്ടങ്ങൾ ഇവിടെയുണ്ട്. ചന്നപട്ടണ കളിപ്പാട്ടങ്ങൾക്ക് ഇന്ന് പ്രാദേശിക വിപണിയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെറുമൊരു കളിപ്പാട്ടം എന്നതിലുപരി ഒരു ഗ്ലോബൽ ബ്രാൻഡ് ആയി ഇത് മാറിക്കഴിഞ്ഞു. പല നിറങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന മനോഹാരിത ചന്നപട്ടണ കളിപ്പാട്ടങ്ങളെ വേറിട്ട് നിർത്തുന്നു. വിദേശികൾപോലും ഈ പാവകളെ ഒരു സുവനീർ ആയി വാങ്ങി കൊണ്ടുപോകുന്നു.
മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാർക്ക് നൽകാനുള്ള സമ്മാനങ്ങൾക്കായി ചന്നപട്ടണയിലെ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുത്തത് വലിയ വാർത്തയായിരുന്നു. സാധാരണ കാണുന്ന കളിപ്പാട്ടങ്ങളിൽനിന്ന് മാറി ഓഫിസുകളിൽ വെക്കാവുന്ന പെൻ സ്റ്റാൻഡുകൾ, മൊബൈൽ ഹോൾഡറുകൾ, സ്ട്രെസ് ബസ്റ്ററുകൾ എന്നിവ ചന്നപട്ടണ ശൈലിയിൽ പ്രത്യേകം നിർമിച്ചുനൽകുകയായിരുന്നു.
മോണ്ടിസോറി രീതിയിലുള്ള പഠനത്തിന് മര കളിപ്പാട്ടങ്ങൾ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ചിന്താശേഷി വളർത്തുന്ന പസിലുകൾ, അക്കങ്ങൾ പഠിക്കാനുള്ള ബ്ലോക്കുകൾ എന്നിവക്ക് ഇന്ത്യയിലെയും വിദേശത്തെയും പ്രീ-സ്കൂളുകളിൽ വലിയ ആവശ്യക്കാരുണ്ട്.
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് സമ്മാനമായി നൽകിയവയിൽ ചന്നപട്ടണ കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. ഇത് ചന്നപട്ടണയുടെ അന്താരാഷ്ട്ര മൂല്യം വർധിപ്പിച്ചു. അതുവരെ ഇന്ത്യയിലെ ഒരു ചെറിയ നഗരമായിരുന്ന ചന്നപട്ടണ പെട്ടെന്ന് രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിച്ചു. വിദേശ ടൂറിസ്റ്റുകൾ മൈസൂർ യാത്രക്കിടയിൽ ചന്നപട്ടണയിൽ ഇറങ്ങി കളിപ്പാട്ടങ്ങൾ വാങ്ങുന്നത് പതിവായി മാറി.
യൂറോപ്പിലും അമേരിക്കയിലും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ചന്നപട്ടണ കളിപ്പാട്ടങ്ങൾക്ക് വലിയ സാധ്യതയാണ് തുറക്കുന്നത്. വിദേശ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് പ്രാദേശിക കലാകാരന്മാർക്ക് വലിയ കരുത്തായിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് കളിപ്പാട്ട നഗരങ്ങൾ
ഇന്ത്യയിലെ ഓരോ കളിപ്പാട്ട നഗരത്തിനും അവിടത്തെ സംസ്‌കാരവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചേർന്ന തനത് ശൈലിയുണ്ട്.
വാരണാസി (ഉത്തർപ്രദേശ്)-പുരാതന കാലം മുതൽക്കേ മരപ്പാവകൾക്ക് പ്രശസ്തമാണ് കാശി അഥവാ വാരണാസി. ദൈവ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, പക്ഷികൾ എന്നിവയാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്.
കൊണ്ടപള്ളി (ആന്ധ്രപ്രദേശ്)- വിജയവാഡക്ക് സമീപമുള്ള കൊണ്ടപള്ളി എന്ന ഗ്രാമത്തിൽ നിർമിക്കുന്ന ലോകപ്രശസ്തമായ മരപ്പാവകളാണ് കൊണ്ടപ്പള്ളി ബൊമ്മലു. തെല്ല പൊനികി എന്ന പ്രത്യേക തരം മരമാണ് ഈ പാവകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. നാനൂറ് വർഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമാണ് ഈ കരകൗശല വിദ്യക്കുള്ളത്.
നിർമൽ (തെലങ്കാന)-പൊനികി വുഡ് ഉപയോഗിച്ചാണ് ഇവിടെ കളിപ്പാട്ടങ്ങൾ നിർമിക്കുന്നത്. ഇവിടത്തെ പെയിന്റിങ്ങുകൾക്ക് ഒരു സ്വർണത്തിളക്കം ഉണ്ടാകും. കരകൗശല വിദഗ്ധർ രഹസ്യമായി സൂക്ഷിക്കുന്ന പ്രത്യേക കൂട്ടാണിത്.
അസറികണ്ടി (അസം)-മണ്ണുകൊണ്ട് അത്ഭുതങ്ങൾ തീർക്കുന്ന ഗ്രാമമാണ് അസറികണ്ടി. ചുട്ടെടുത്ത മണ്ണുകൊണ്ടുള്ള കളിപ്പാട്ടങ്ങളാണ് ഇവിടുത്തെ ആകർഷണം.
കിൻഹാൽ (കർണാടക)- ഇവിടത്തെ കളിപ്പാട്ടങ്ങളിൽ വളരെ സങ്കീർണമായ കൊത്തുപണികൾ കാണാം. മരപ്പൊടിയും പുളിങ്കുരുവും ചേർത്തുണ്ടാക്കുന്ന പേസ്റ്റ് ഉപയോഗിച്ചാണ് പാവകൾക്ക് മിനുക്കുപണികൾ ചെയ്യുന്നത്.
ഇത്തിക്കൊപ്പക്ക (ആന്ധ്രാപ്രദേശ്)- ലക്ക ബൊമ്മലു എന്നറിയപ്പെടുന്ന കളിപ്പാട്ടങ്ങളാണ് ഇവിടെ ഉള്ളത്. ഇവ ചന്നപട്ടണ കളിപ്പാട്ടങ്ങളോട് സാമ്യമുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

