'പെയിന്റർ കഫീൽ'; ഡിജിറ്റൽ യുഗത്തിലും മായാത്ത ബോളിവുഡ് സിനിമാ പോസ്റ്ററുകളുടെ സുവർണ്ണകാലം വരച്ചിട്ട കലാകാരൻ
text_fieldsന്യൂഡൽഹി: തിരക്കേറിയ ചന്തകളും ഇടുങ്ങിയ തെരുവുകളും കടന്ന് പഴയ ഡൽഹിയുടെ ഒരു ചെറിയ കോണിൽ, ഇന്ത്യയുടെ ദൃശ്യപൈതൃകത്തിന്റെ മാഞ്ഞുപോകുന്ന ഒരു അധ്യായം കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. ബോളിവുഡ് ശൈലിയിലുള്ള കൈകൊണ്ട് വരക്കുന്ന കൂറ്റൻ ബോർഡുകളുടെയും സിനിമാ പോസ്റ്ററുകളുടെയും കാലം ഡിജിറ്റൽ യുഗത്തിന് വഴിമാറിക്കൊടുത്തെങ്കിലും, അന്യം നിന്നുപോകുന്ന ഈ കലാരൂപത്തെ നെഞ്ചോട് ചേർത്ത് ഇന്നും ജീവസ്സുറ്റതാക്കി നിർത്തുകയാണ് ഒരു എഴുപതുകാരൻ.
പെയിന്റർ കഫീൽ എന്നറിയപ്പെടുന്ന കഫീൽ അൻസാരിയാണ് ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളുടെ റീ-റിലീസുകൾക്കായി കൂറ്റൻ ബോർഡുകളും പോസ്റ്ററുകളും കൈകൊണ്ട് വരച്ചുതീർത്തത്. 'ദീവാർ' (1975), 'പാകീസ' (1972), 'മുഗൾ ഇ അസം' (1960), 'രാം ഔർ ശ്യാം' (1967) തുടങ്ങിയ ചിത്രങ്ങൾ വരച്ചത് കഫീലാണ്. പഴയ ഡൽഹിയിലെ തന്റെ വീടും സ്റ്റുഡിയോയും ചേർന്ന കൊച്ചുമുറിയിൽ കഫീൽ ഇന്നും ബ്രഷുകളുമായി സജീവമാണ്.
ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ചെറിയ പട്ടണത്തിലാണ് കഫീൽ ജനിച്ചത്. ചെറുപ്പം മുതലേ ചിത്രരചനയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിന് വ്യാപാരിയായ പിതാവാണ് പൂർണ പിന്തുണ നൽകിയത്. സ്കൂൾ പഠനകാലത്ത് അധ്യാപകനായ നിയാമത്തുല്ല അൻസാരിയിൽ നിന്നാണ് അദ്ദേഹം കാലിഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക ചിത്രകാരനായ ഷബീർ റാസ ഖാൻ വരക്കുന്നത് മണിക്കൂറുകളോളം നോക്കിനിന്ന് അദ്ദേഹം ചിത്രരചനയിലെ പുതിയ ശൈലികൾ സ്വായത്തമാക്കി.
1980ൽ പിതാവിന്റെ വിയോഗത്തോടെ കുടുംബ ബിസിനസ്സ് തകരുകയും കഫീൽ സാമ്പത്തികമായി ഒറ്റപ്പെടുകയും ചെയ്തു. അതോടെയാണ് ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. വെറും ആയിരം രൂപയുമായി തൊഴിൽ തേടി ബറേലിയിൽ നിന്നും 268 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് അദ്ദേഹം വണ്ടി കയറി.
ഡൽഹിയിലെത്തിയ ശേഷം കൈയിൽ ബ്രഷുകളും പെയിന്റും കരുതി, സൈക്കിളിൽ അദ്ദേഹം നഗരത്തിലുടനീളം ജോലിക്കായി അലഞ്ഞു. പിന്നീട് പ്രശസ്ത ചിത്രകാരൻ ഫൈസ് സിദ്ദിഖിയുടെ കീഴിൽ 19 വർഷക്കാലം അസിസ്റ്റന്റായി ജോലി ചെയ്ത് തന്റെ കഴിവുകൾ കൂടുതൽ മിനുക്കിയെടുത്തു. ഒടുവിൽ 1999ൽ മാടിയ മഹലിൽ സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു. താമസിയാതെ, വാണിജ്യ ബോർഡുകൾ മുതൽ സിനിമാ ബോർഡുകൾ വരെ വരച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രശസ്തി ഡൽഹി നഗരമാകെ പടർന്നു. സ്വതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളും ബിസിനസ്സ് ബോർഡുകളും ബോളിവുഡ് പോസ്റ്ററുകളും അദ്ദേഹത്തിന്റെ വരകളിൽ വിരിഞ്ഞു.
എന്നാൽ 2000ത്തിന്റെ തുടക്കത്തിൽ പരസ്യമേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഫ്ലെക്സ് ബോർഡുകൾ, ഡിജിറ്റൽ ഇങ്ക്‌ജെറ്റ് പ്രിന്റിങ്, ഡിജിറ്റൽ ഫോട്ടോഗ്രാഫി എന്നിവയുടെ കടന്നുകയറ്റത്തോടെ കൈകൊണ്ട് വരക്കുന്ന സിനിമാ ബോർഡുകൾ ഇന്ത്യയിലുടനീളം അപ്രത്യക്ഷമായിത്തുടങ്ങി.
"സിനിമാ മേഖലയിൽ ബോർഡുകൾക്കും പോസ്റ്ററുകൾക്കുമായി ചിത്രകാരന്മാരെ നിയമിക്കുന്നത് നിർത്തിയതോടെ എന്റെ സഹപ്രവർത്തകരിൽ പലരും മരിച്ചുപോയി, പലരും നഗരം വിട്ടുപോയി. അവരുടെ ബ്രഷുകൾ വരണ്ടുപോയിരുന്നു. അവർക്ക് അറിയാമായിരുന്ന ഒരേയൊരു ജോലി ചിത്രരചനയായിരുന്നു. അതിനെ സാങ്കേതികവിദ്യ വിഴുങ്ങി. ഡിജിറ്റൽ പ്രിന്റുകളുടെ മഷി അക്കാലത്ത് കലാകാരന്മാരുടെ ജീവരക്തമാണ് ഉണക്കിക്കളഞ്ഞത്. ചിത്രരചനക്ക് പുറമെ കാലിഗ്രഫി കൂടി അറിയാമായിരുന്നതുകൊണ്ട് മാത്രമാണ് ഞാൻ അന്ന് ജീവിച്ചുപോയത്."-കഫീൽ പറഞ്ഞു.
ഡിജിറ്റൽ പ്രിന്റിങ് സജീവമായപ്പോൾ കഫീലും കുറച്ചുകാലം ഡിജിറ്റൽ കല പരീക്ഷിക്കുകയും ചില ഓർഡറുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ജോലി അദ്ദേഹത്തിന് ഒട്ടും ആത്മസംതൃപ്തി നൽകിയില്ല. ഒടുവിൽ, അദ്ദേഹം തന്റെ വേരുകളിലേക്ക് തന്നെ മടങ്ങിയെത്തി ബ്രഷും പെയിന്റുമെടുത്ത് വീണ്ടും കൈകൊണ്ട് വരക്കാൻ തുടങ്ങി.
എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത കലകളും പെയിന്റിങ്ങുകളും കൊണ്ട് ആളുകൾക്ക് മടുത്തു കഴിഞ്ഞു. മനുഷ്യസ്പർശമുള്ള, ആഴമുള്ള സൃഷ്ടികളാണ് അവർക്കിപ്പോൾ വേണ്ടതെന്നും കഫീൽ പറഞ്ഞു. കല എപ്പോഴും സമൂഹത്തിൽ സമത്വവും ഐക്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നാണ് കഫീലിന്റെ വിശ്വാസം. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ തിളങ്ങുന്ന നിറങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തെയും, ത്രീ-ഡി അക്ഷരങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ആഴത്തെയുമാണ് സൂചിപ്പിക്കുന്നത്. ട്രക്കുകളിലും പഴയ പരസ്യബോർഡുകളിലും വസ്ത്രങ്ങളിലും ഇന്നും ഈ ബോളിവുഡ് ഹാൻഡ്-പെയിന്റിങ് ശൈലി അവശേഷിക്കുന്നുണ്ട്.
എങ്കിലും, ഈ പരമ്പരാഗത കലാരൂപത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കാൻ അനുയോജ്യനായ ഒരു ശിഷ്യനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന വലിയൊരു വിഷമം കഫീലിന്റെ മനസ്സിലുണ്ട്. തൽക്കാലം, പഴയ ഡൽഹിയിലെ ഈ ചെറിയ ഗലി ഈ അപൂർവ്വ ദൃശ്യസംസ്കാരത്തെ ജീവനോടെ നിലനിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

