ഒരു നാട് കുറേ നാടകങ്ങൾ
text_fieldsകൊല്ലം നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂൾ ടീം
നീണ്ടുനീണ്ടു പോയ കൈയടിയാണോ, എല്ലാ പ്രയത്നത്തിനും ഫലമായി ലഭിച്ച എ ഗ്രേഡാണോ വലുത്? ചോദ്യം നീരാവിലിൽ നിന്നെത്തിയ കുട്ടി നാടകസംഘത്തിനോടാകുമ്പോൾ ഉത്തരം ഓപ്ഷന് പുറത്തുനിന്നായിരിക്കും –‘‘തട്ടിൽ കയറി എല്ലാം മറന്നാടിയ ആ നിമിഷങ്ങളില്ലേ അതാണ് എല്ലാറ്റിനും മുകളിൽ.
അവിടെ സെറ്റായാൽ പിന്നൊന്നും സീനില്ല.’’ കൈയടിയും മാർക്കുമൊന്നുമല്ല, കഴിവാണ് കാര്യമെന്ന് തങ്ങളുടെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ സംഘത്തിൽനിന്ന് ഈ ഉത്തരമല്ലാതെ എന്ത് കിട്ടാനാണ്. വൈബോട് വൈബുമായി ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാടകവേദിയുടെ ജീവനായി മാറിയിട്ടാണ് കൊല്ലത്തിന്റെ സ്വന്തം കുട്ടി നാടകസംഘം ഈ ആറ്റിറ്റ്യൂഡിൽ പൊളി ഡയലോഗ് അടിക്കുന്നത്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ നാടകങ്ങളുമായി സംസ്ഥാന വേദിയുടെ ഹൃദയം കീഴടക്കിയ ഇവർ ചില്ലറക്കാരല്ല. ശ്വാസത്തിൽ കലനിറയുന്ന കൊല്ലം നീരാവിൽ എന്ന നാടക ഗ്രാമത്തിന്റെ, പ്രകാശ് കലാകേന്ദ്രം എന്ന കലാഗോപുരത്തിന്റെ, കേരളത്തിന്റെ അമച്വർ നാടകലോകത്തിന്റെതന്നെ ഭാവിയാണ് തിരുവനന്തപുരത്തെ വേദിയിൽ തലയുയർത്തിയത്. കലോത്സവത്തിൽ സംസ്ഥാനത്ത് എത്തണം, എ ഗ്രേഡ് പിടിക്കണം എന്നിങ്ങനെയുള്ള സാധാരണ ഭാരങ്ങളൊന്നും ഈ കുട്ടിക്കൂട്ടത്തിന്റെ ചുമലിലുണ്ടായിരുന്നില്ല, നാടകത്തോടുള്ള സ്നേഹം മാത്രമായിരുന്നു അവരുടെ ചുമലുകളിൽ.
oneപ്രകാശ് കലാകേന്ദ്ര എന്ന സാംസ്കാരിക നക്ഷത്രത്തിളക്കത്തിൽ വിരിഞ്ഞ കുട്ടിപ്രതിഭകൾ, കൊല്ലം നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽവിലാസത്തിൽ എച്ച്.എസ് വിഭാഗത്തിൽ ‘10 ഡി റാപ്പേഴ്സ്’, എച്ച്.എസ്.എസ് വിഭാഗത്തിൽ ‘കക്കൂസ്’ എന്നീ നാടകങ്ങളുമായാണ് സംസ്ഥാനത്ത് വരവറിയിച്ചത്. നീരാവിലിന്റെ ഇളംതലമുറ അരങ്ങിൽ തീപ്പൊരികളെന്ന് ഉറക്കെ പറഞ്ഞും പറയിപ്പിച്ചും ആ വരവ് കുട്ടികൾ ശരിക്കും അങ്ങ് മുതലാക്കുകയും ചെയ്തു.
10 ഡി റാപ്പേഴ്സും ആടുപുലിയാട്ടവും
നിങ്ങളുടെ വിഷമമെന്താണ് മക്കളെ, സന്തോഷമെന്താണ് കൂട്ടരേ... വട്ടംകൂടിയിരുന്നുള്ള വിശേഷം പങ്കുെവക്കലുകളിൽ നേരിട്ട ചോദ്യങ്ങൾക്ക് ആ കുട്ടിക്കൂട്ടം നൽകിയ മറുപടികൾക്ക് ചിറകുമുളച്ചപ്പോൾ ഒന്നിനൊന്ന് മികച്ച മൂന്ന് നാടകങ്ങളാണ് ഇത്തവണ നീരാവിൽ ഗ്രാമത്തിലെ കുട്ടികൾ അരങ്ങിലെത്തിച്ചത്. യു.പി പ്രായക്കാരുടെ ‘ആടുപുലിയാട്ടം’, ‘ഹൈസ്കൂൾ കൂട്ടത്തിന്റെ 10 ഡി റാപ്പേഴ്സ്’, ഹയർ സെക്കൻഡറി വിദ്വാൻമാരുടെ ‘കക്കൂസ്’.
കുട്ടികളിലും പ്രകൃതിയിലും മുതിർന്ന മനുഷ്യർ നടത്തുന്ന കടന്നുകയറ്റവും ചൂഷണവും ചർച്ച ചെയ്താണ് ‘ആടുപുലിയാട്ടം’ ശ്രദ്ധ നേടിയത്. ഇല്ലാത്തൊരു പുലിക്കുവേണ്ടി കെണിവെക്കാൻ ഒരു കുട്ടിയുടെ അരുമയായ ആടിനെ ഇരയാക്കാൻ ഇറങ്ങി പുറപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ സ്വാർഥതയുടെ മനുഷ്യാധ്യായങ്ങൾ വരച്ചുകാട്ടി. ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ ഏഴാം ക്ലാസുകാർ അതിമനോഹരമായാണ് അരങ്ങിൽ എത്തിച്ചത്.
തിരുവനന്തപുരം ആമയിഴഞ്ചാൻതോട്ടിലെ മാലിന്യത്തിനിടയിൽ ശ്വാസംമുട്ടി മരിച്ച ജോയിയുടെ ജീവിതം പ്രമേയമാക്കിയാണ് ‘കക്കൂസ്’ കാണികളെ കൈയിലെടുത്തത്. ജാതി മുള്ളുകളുടെ യാഥാർഥ്യം ശക്തമായ സാമൂഹിക വിമർശനത്തിലൂടെ ‘കക്കൂസ്’ പകർന്നു നൽകി.
‘പത്തു മണിക്കൊരു ബെല്ലടി കേട്ടാൽ മുട്ട് വിറയ്ക്കില്ല ക്ലാസിൽ കേറാൻ, ചൂരൽ വടിത്തുമ്പിൽ ഹോംവർക്ക് ഇല്ലാ...സാറൻമാരോ കട്ട ചങ്കുകളായി വൈബായ് പൊളിയായ്, സീനായി ഫ്രീക്കായി, ഞങ്ങൾസ്വപ്നം കാണും പള്ളിക്കൂടം...’
സ്കൂൾ അസംബ്ലിയിൽ പ്രാർഥനഗീതത്തിന് പകരം പൊളി റാപ്പുമായി തകർത്ത 10 ഡി ടീം മാറ്റിനിർത്തലുകളുടെ മുറിപ്പാടുകൾ കാണികളുടെ മനസ്സിലും നിറച്ചു. 10 ഡി ഡിവിഷനിലേക്ക് ‘തരം താഴ്ത്തപ്പെട്ട’ പഠിത്തത്തിലെ ‘പിന്നാക്കക്കാരാ’ണ് പരമ്പരാഗത വഴികളെ തച്ചുടക്കാൻ റാപ്പുമായി എത്തിയത്.
കലയുടെ പ്രകാശവഴി
കലയെ പ്രത്യേകിച്ച് നാടകത്തിനെ ഓരോ നിശ്വാസത്തിലും ചേർത്തുെവക്കുന്ന നീരാവിൽ സ്വദേശികൾ. അമച്വർ നാടകത്തിന്റെ ഈറ്റില്ലം. നാടകലോകത്തിന്റെ മുഖമായി നീരാവിലിനെ മാറ്റിയത് പ്രകാശ് കലാകേന്ദ്രം എന്ന ഒറ്റ പ്രസ്ഥാനമാണ്.
കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശമായ അഞ്ചാലുംമൂട്ടിൽ നീരാവിൽ എന്ന കുഞ്ഞു ഗ്രാമത്തിൽ കലയുടെ പ്രകാശഗോപുരം എന്ന അർഥവും പേറി കുറച്ച് സാധാരണ ചെറുപ്പക്കാരുടെ സ്വപ്നമായി 1958ൽ ആണ് പ്രകാശ് കലാകേന്ദ്രം പിറവിയെടുത്തത്. പി.ജെ. ആന്റണിയുടെ ‘ഇൻക്വിലാബിന്റെ മക്കൾ’ നാടകം അരങ്ങിലെത്തിക്കുക ആയിരുന്നു ലക്ഷ്യം.
70കളിലാണ് നാടകമത്സര വേദികളിലേക്ക് അനിഷേധ്യ സാന്നിധ്യമായി കലാകേന്ദ്രം വളർന്നത്. ദേശീയതലത്തിൽ ചർച്ചചെയ്യപ്പെട്ട, പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ഒരുപിടി നാടകങ്ങൾ വേദികളിലെത്തി. വിജ്ഞാന പോഷിണി ഗ്രന്ഥശാലയും പ്രകാശ് കലാകേന്ദ്രം സ്കൂൾ ഓഫ് ആർട്സ് കലാപരിശീലന കേന്ദ്രവും പിൽക്കാല വളർച്ചയിൽ നാഴികക്കല്ലുകളായി.
പ്രകാശിന്റെ ഇളമുറക്കാർ
കുട്ടികൾക്കുവേണ്ടി, കുട്ടികൾ ഒരുക്കിയ, കുട്ടികളുടെ നാടകങ്ങൾ യാഥാർഥ്യമാക്കാൻ മുന്നിൽനിന്നത് കൊട്ടാരക്കരക്കാരൻ അമാസ് എസ്. ശേഖർ എന്ന യുവപ്രതിഭയാണ്. സ്കൂൾ കലോത്സവങ്ങളിൽനിന്ന് ഇവിടത്തെ കുട്ടികൾ വർഷങ്ങളായി അകന്ന് നിൽക്കുകയായിരുന്നു. അഞ്ച് വർഷം മുമ്പ് പരിശീലകൻ ആയി അമാസ് എത്തിയതോടെ നാടകത്തെ സീരിയസായി കാണാൻ പ്രകാശിന്റെ പുതുതലമുറക്കും ആവേശമായി.
‘ജിജ്ഞാസ’ എന്ന വേനൽക്കാല ക്യാമ്പിലെത്തിയ മിടുക്കരിൽനിന്ന് അഭിനയ മികവിൽ മുന്നിട്ടുനിന്ന 30 പേരെ തിരഞ്ഞെടുത്തു. ‘രംഗകേളി’ എന്ന നാടക കളരിയും കൂടി സംഘടിപ്പിച്ച് ആ പ്രതിഭകളെ പരുവപ്പെടുത്തി.
അഭിനയ ശിൽപശാലയിലുൾപ്പെടെ ഇത്തവണ സഹായിക്കാൻ പാലക്കാട്ടുകാരി ഫിദയും കണ്ണൂരുകാരൻ അർജുനും ഉണ്ടായിരുന്നു. മുതിർന്നവരുടെ വഴിയിലൂടെ പിച്ചെവച്ച കുട്ടിക്കൂട്ടം കലാകേന്ദ്രത്തിലെ വേദിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നാടകം പരിശീലിച്ച് തുടങ്ങിയത്. എന്തുകൊണ്ട് സ്കൂൾ കലോത്സവത്തിൽ കളിച്ചുകൂടാ എന്ന ആഗ്രഹം മനസ്സുകളിൽ കയറിയതോടെ അവർ തന്നെ മുന്നിട്ടുനിന്നു. 2022-23 കലോത്സവത്തിൽ യു.പിയിൽ ഒന്നാമതെത്തിയ നാടകവുമായി തകർപ്പൻ തുടക്കമിട്ടു.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാടകത്തിൽനിന്ന്
കുട്ടിച്ചിന്തകൾ ചേർത്തുെവച്ച്
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി അമാസ് എസ്. ശേഖറിന്റെയും കുട്ടി നാടക സംഘത്തിന്റെയും ഒത്തുചേരൽ ശനിയും ഞായറുമാണ്. കളിയും ചിരിയും കാര്യവും കഥയുമെല്ലാം നിറയുന്ന ചർച്ചക്കൂട്ടമാണ്. നേരത്തേ നിശ്ചയിച്ചുറപ്പിച്ച കഥയോ തിരക്കഥയോ അവർക്കുണ്ടാകാറില്ല.
വിശേഷം പങ്കുെവക്കുന്ന ചർച്ചയിൽ കുട്ടികളെക്കൊണ്ടുതന്നെ കഥപറയിപ്പിച്ചാണ് നാടകത്തിന്റെ ത്രെഡും കഥയുമൊക്കെ ഉറപ്പിക്കുന്നത്. സീനുകളും ഡയലോഗുകളും വരെ കുട്ടിച്ചിന്തയിൽ വരുന്നതാണ് അരങ്ങിലെത്തുക. ഒരു മാസത്തോളമെടുത്ത് കഥ ഉറപ്പിച്ചാൽ പിന്നെ വസ്ത്രവും സെറ്റും ഒരുക്കുന്നതിനും മുന്നിൽ നിൽക്കുന്നത് കുട്ടികൾതന്നെ.
പുത്തൻ കലാസംസ്കാരത്തിന്റെ വക്താക്കളായി സ്വയം വഴിവെട്ടി മുന്നേറുകയാണ് ഈ കുട്ടികൾ. യു.പി വിഭാഗക്കാർ ‘ആടുപുലിയാട്ടം’ ഇതിനകം അഞ്ചോളം വേദികളിൽ കളിച്ചുകഴിഞ്ഞു. ഒരു രൂപ പോലും കുട്ടികളിൽനിന്ന് വാങ്ങാതെയാണ് പ്രകാശ് കലാകേന്ദ്രം തങ്ങളുടെ കുട്ടി സംഘത്തെ നാടകം പഠിപ്പിച്ച് കലോത്സവത്തിനുൾപ്പെടെ വിടുന്നത്.
മറ്റ് വേദികളിൽനിന്ന് ലഭിക്കുന്ന പ്രതിഫലമാകട്ടെ അടുത്ത വർഷത്തേക്കുള്ള മൂലധനമാണ്. ഇക്കാര്യത്തിലും സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവാക്കാൻ മടിക്കാത്ത കലാകേന്ദ്രത്തിലെ മുതിർന്ന പ്രവർത്തകരെ മാതൃകയാക്കുകയാണ് കുട്ടികൾ. കുട്ടികളുടെ അരങ്ങുകളെ സമ്പന്നമാക്കാൻ ഒത്തൊരുമിച്ച് വൻ സംഘമായിട്ടാണ് നീരാവിൽ ഗ്രാമം ഇറങ്ങിപ്പുറപ്പെടുന്നത്. പിന്നെ എങ്ങനെ പിള്ളേര് പൊളിയാകാതിരിക്കും...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.